യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ ഏർപ്പെടുത്തിയ 50% താരിഫ് ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ നിന്ന് ഏകദേശം 0.5% മുതൽ 0.6% വരെ കുറവ് വരുത്തുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ. ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ, അമേരിക്കയുടെ വ്യാപാര നടപടികളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഓഗസ്റ്റ് 7 മുതൽ ഇന്ത്യയിൽ 25% താരിഫ് ഏർപ്പെടുത്തിയിരുന്നു, കൂടാതെ ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന റഷ്യയുമായുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ വ്യാപാരത്തിന് 25% അധിക താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യൻ സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും അനന്ത നാഗേശ്വരൻ വ്യക്തമാക്കി.
ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50% തീരുവ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ സാമ്പത്തിക വർഷത്തിൽ പോലും ഇത് എത്രത്തോളം നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ജിഡിപിയിൽ 0.5% മുതൽ 0.6% വരെ കുറവ് അനുഭവപ്പെടാം. യുഎസ് ഏർപ്പെടുത്തിയ 50% താരിഫുകൾ അമേരിക്കൻ വിപണികളിലെ ഇന്ത്യയുടെ കയറ്റുമതി മത്സരക്ഷമതയെ ബാധിച്ചു. ഇന്ത്യയുടെ പ്രാഥമിക വ്യാപാര പങ്കാളി യുഎസ് ആണ്. ഈ താരിഫുകൾ അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ പകുതിയിലധികത്തെയും ബാധിക്കുമെന്നും ഇത് ഗണ്യമായ സാമ്പത്തിക നഷ്ടത്തിന് കാരണമാകും.
നടപ്പ് സാമ്പത്തിക പാദത്തിലും അടുത്ത പാദത്തിലും ഈ ഇടിവ് പ്രതിഫലിക്കും. എന്നിരുന്നാലും, ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രധാനമായും ആഭ്യന്തര ഉപഭോഗത്തിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് ശ്രദ്ധിക്കേണ്ടതാണ്, കയറ്റുമതി ജിഡിപി വളർച്ചയിൽ താരതമ്യേന ചെറിയ പങ്ക് വഹിക്കുന്നു. കൂടാതെ, രാജ്യത്ത് ജിഎസ്ടി കുറച്ചതും കയറ്റുമതിക്കാരെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങളും പുതിയ അന്താരാഷ്ട്ര വ്യാപാര കരാറുകളും യുഎസിന് അപ്പുറം മറ്റു രാജ്യങ്ങളുമായുള്ള ബദൽ വിപണികളും അമേരിക്കയുമായുള്ള നഷ്ടം നികത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









