
വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധത്തിലെ ഇരകളായ കുട്ടികളുടെ അവസ്ഥയിലുള്ള തന്റെ ആശങ്കയറിയിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിന് കത്തെഴുതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭാര്യ മെലാനിയ ട്രംപ്. തന്റെ കത്തിൻ്റെ ഫലമായി ഒട്ടേറെ യുക്രൈൻ കുട്ടികൾ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിച്ചതായി മെലാനിയ അറിയിച്ചു.
ഓരോ കുട്ടിയുടെയും ഹൃദയത്തിൽ ഒരേ സ്വപ്നങ്ങളാണുള്ളത്. അവർ സ്നേഹത്തെയും സാധ്യതകളെയും അപകടങ്ങളിൽനിന്നുള്ള സുരക്ഷയെയും കുറിച്ച് സ്വപ്‌നം കാണുന്നുവെന്നും പുതിനുള്ള കത്തിൽ മെലാനിയ എഴുതിയിരുന്നു. മറുപടിയായി കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തന്നെ തിരികെ അയക്കുകയാണെന്ന് പുതിൻ അറിയിച്ചതായും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എട്ട് കുട്ടികൾ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിച്ചതായി യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് പറഞ്ഞു.
യുക്രൈനിയൻ- റഷ്യൻ അധികാരികൾ സംയുക്തമായാണ് കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിച്ചത് . ഓരോ കുട്ടിയുടെയും വ്യക്തിവിവരങ്ങളും സാഹചര്യങ്ങളും ഫോട്ടോകൾ സഹിതം വിശദീകരിക്കുന്ന സമഗ്രമായ റിപ്പോർട്ട് തനിക്ക് ലഭിച്ചുവെന്നും ഈ വസ്തുതകൾ യുഎസ് സർക്കാർ സ്ഥിരീകരിച്ചതായും മെലാനിയ കൂട്ടിച്ചേർത്തു.
അലാസ്കയിലെ ഉച്ചകോടി ചർച്ചകൾക്കിടയിൽ പ്രസിഡൻ്റ് ട്രംപ് പുതിന് മെലാനിയയുടെ കത്ത് നേരിട്ട് കൈമാറിയതായി ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു. അതേസമയം, 2022 ഫെബ്രുവരി മുതൽ, 20,000 യുക്രൈൻ കുട്ടികളെയെങ്കിലും നാടുകടത്തുകയും അവരുടെ വീടുകളിൽനിന്ന് ബലമായി റഷ്യയിലേക്കും റഷ്യൻ അധിനിവേശ പ്രദേശങ്ങളിലേക്കും കൊണ്ടുപോവുകയും ചെയ്തിട്ടുണ്ടെന്നാണ് യുക്രൈൻ പറയുന്നത്.