കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരസ്യമായി രംഗത്തുവന്ന നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് പുതിയ സംഭവവികാസങ്ങളെ സ്വാഗതം ചെയ്തു. “എത്ര കള്ളപ്രചാരണങ്ങൾ കൊണ്ട് മൂടിയാലും സത്യം പുറത്തുവരും എന്നതിന്റെ ചെറിയ തുടക്കമാണിത്. ഇത് സ്ത്രീകളുടെ വിജയത്തിന്റെയും അതിജീവിതകൾക്ക് നീതി ലഭിക്കുന്നതിന്റെയും ആദ്യഘട്ടം മാത്രമാണ്. ഇനിയും അതിജീവിതകളുണ്ട്, അവർക്കും ധൈര്യമായി മുന്നോട്ടുവരണം,” റിനി പറഞ്ഞു. തന്റെ പ്രതികരണത്തിനു പിന്നാലെ മറ്റു യുവതികളും തുറന്നുപറഞ്ഞതിൽ സന്തോഷമുണ്ടെന്നും അവരുടെ ആനന്ദത്തിൽ പങ്കുചേരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
രാഹുലിനെതിരെ സംസാരിച്ചതിന്റെ പേരിൽ വ്യാപക സൈബർ ആക്രമണം നേരിടേണ്ടിവന്നുവെന്ന് റിനി വെളിപ്പെടുത്തി. “എല്ലാം കെട്ടിച്ചമച്ചതാണെന്ന് പ്രചരിപ്പിച്ചു. പക്ഷേ ഇപ്പോൾ കോടതി തന്നെ ആദ്യ സൂചന നൽകിക്കഴിഞ്ഞു,” അവർ പറഞ്ഞു. രാഹുലിനെ പുറത്താക്കിയ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിന് നന്ദി അറിയിച്ച റിനി, “ഇപ്പോഴാണെങ്കിലും സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിൽ പാർട്ടിയോടും നേതൃത്വത്തോടും നന്ദി” എന്നും വ്യക്തമാക്കി.
“ഏറെ വിഷമത്തോടെയാണ് ഞാൻ ഇത്രയും പറഞ്ഞത്. അതിന്റെ പേരിൽ ഒരുപാട് സഹിക്കേണ്ടിവന്നു. പക്ഷേ എന്റെ സഹോദരിമാർക്ക് നീതി കിട്ടാൻ ഒരു നിമിത്തമായി എന്നതിൽ എനിക്ക് ആനന്ദവും ചാരിതാർഥ്യവുമുണ്ട്,” റിനി കൂട്ടിച്ചേർത്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് എത്ര വൈകിയാണെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് ഈ സംഭവങ്ങൾ നൽകുന്നതെന്ന് അവർ ആവർത്തിച്ചു.










