
ഒക്ലഹോമ: 1921-ൽ അമേരിക്കയിലെ ഒക്ലഹോമയിൽ നടന്ന തുൾസ റേസ് കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ വയോള ഫ്ലെച്ചർ അന്തരിച്ചു. 111-ാം വയസ്സിലാണ് ഇവരുടെ മടക്കം. കുട്ടിക്കാലത്ത് താൻ താമസിച്ചിരുന്ന തുൾസയിൽ കറുത്തവർഗ്ഗക്കാരുടെ മേൽ വെളുത്ത ജനക്കൂട്ടം നടത്തിയ മാരകമായ ആക്രമണത്തിന് നീതി തേടിയാണ് അവർ തന്റെ അവസാന വർഷങ്ങൾ ചെലവഴിച്ചത്.
തുൾസ റേസ് കൂട്ടക്കൊലയിൽ നിന്ന് അതിജീവിക്കുമ്പോൾ വയോള ഫോർഡ് ഫ്ലെച്ചറിന് 7 വയസ്സായിരുന്നു. 1921 മെയ് 31-ന് തുൾസയിലെ ഗ്രീൻവുഡ് ജില്ലയിൽ രണ്ട് ദിവസത്തെ ആക്രമണം ആരംഭിച്ചു. ഒരു വെളുത്ത വർഗ്ഗക്കാരിയായ സ്ത്രീയെ കറുത്ത വർഗ്ഗക്കാരൻ ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന ഒരു റിപ്പോർട്ട് പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചതിനെത്തുടർന്നായിരുന്നു അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ഏതാണ്ട് 300 ഓളം കറുത്തവർഗക്കാരായ തുൾസ നിവാസികൾ കൊല്ലപ്പെടുകയും 800 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുൾസ വംശീയ കൂട്ടക്കൊല (tulsa race massacre) എന്നറിയപ്പെട്ട ആ ക്രൂരകൃത്യത്തിന് നൂറ്റാണ്ട് പിന്നിടുമ്പോഴാണ് വയോള ഫ്ലെച്ചറിൻ്റെ വിടവാങ്ങൽ.
Tulsa Massacre: Viola Fletcher, oldest survivor, dies at 111.










