ഇസ്രയേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി ; നെതന്യാഹുവിനെതിരെ അറസ്റ്റുവാറണ്ട്, ചുമത്തിയത് വംശഹത്യ അടക്കമുള്ള കുറ്റങ്ങള്‍

ഇസ്താംബുള്‍ : ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ച് തുര്‍ക്കി. പ്രധാനമന്ത്രിക്കുമാത്രമല്ല, പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, സൈനിക മേധാവി ഏയല്‍ സാമിര്‍ എന്നിവര്‍ക്കും മറ്റ് നിരവധി ഉദ്യോഗസ്ഥര്‍ക്കുമെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വംശഹത്യ നടത്തിയെന്ന കുറ്റമടക്കം ചുമത്തി 37 പേര്‍ക്കെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

ഗാസയിലെ ജനങ്ങള്‍ക്കെതിരെയും ഗാസയിലേക്ക് സഹായവുമായി എത്തിയ ഫ്‌ലോട്ടിലകള്‍ (ചെറുകപ്പലുകള്‍)ക്കെതിരെയും നടത്തിയ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയുമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളതെന്ന് ഇസ്താംബുള്‍ ചീഫ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു.

വാറണ്ടിനെ സ്വാഗതം ചെയ്ത ഹമാസ് പ്രതികരണവുമായെത്തി. തുര്‍ക്കി ഭരണനേതൃത്വത്തിന്റെയും അവിടുത്തെ ജനതയുടെയും നിലപാടിനെയാണ് ഇത് സ്ഥിരീകരിക്കുന്നതെന്ന് ഹമാസ് പറഞ്ഞു.

അതേസമയം, നടപടിയെ അപലപിച്ച ഇസ്രയേല്‍, വാറണ്ട് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദൊഗാന്റെ പിആര്‍ സ്റ്റണ്ടാണെന്ന് പ്രതികരിച്ചു. എര്‍ദൊഗാന്റെ തുര്‍ക്കിയില്‍ രാഷ്ട്രീയ വൈരികളെ നിശബ്ദരാക്കാനും മാധ്യമപ്രവര്‍ത്തകരെയും ന്യായാധിപന്മാരെയും മേയര്‍മാരെയും തുറങ്കിലടയ്ക്കാനുമുള്ള ആയുധമാണ് ജുഡീഷ്യറിയെന്നാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ ആരോപിച്ചത്.

ഗാസയിലെ യുദ്ധത്തിനു പിന്നാലെ നെതന്യാഹു, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഹമാസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഡീഫ് എന്നറിയപ്പെടുന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Turkey issues arrest warrant against Netanyahu

Also Read

More Stories from this section

family-dental
witywide