
ന്യൂഡൽഹി: പഹല്‍ഗാം വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുര്‍ക്കിയുടെ സൈനികവിമാനങ്ങൾ പാകിസ്താനില്‍ എത്തിയതായി റിപ്പോർട്ട്. തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്താനിലെത്തിയത്. പടക്കോപ്പുകള്‍, ആയുധങ്ങള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍, ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയവ ഇവ പാകിസ്താനിലെത്തിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാക് സൈന്യത്തിന്റെ പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനം എത്തിയത് . പാകിസ്താനും തുര്‍ക്കിയും തമ്മില്‍ പ്രതിരോധ സഹകരണമുണ്ട്. തുര്‍ക്കിയുടെ ബെയ്‌റാക്തര്‍ ഡ്രോണുകള്‍ പാകിസ്താന്‍ സൈന്യം കാര്യമായി ഉപയോഗിക്കുന്നുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കും.
പാകിസ്താനില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ആറ് ഹെര്‍കുലീസ് സി-130 വിമാനങ്ങളാണ് കറാച്ചിയിലിറങ്ങിയത്. ബെയ്‌റാക്തറിന് പുറമെ തുര്‍ക്കിയുടെ പുതിയ ലോയിറ്ററിങ് അമ്യുണിഷനുകളും പാകിസ്താന്‍ വാങ്ങിയെന്നാണ് സംശയം. ഇതിന് പുറമെ പാകിസ്താന് ചൈന ദീര്‍ഘദൂര മിസൈലുകള്‍ എത്തിച്ചതായും സംശയങ്ങളുണ്ട്. ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ് പാകിസ്താന്‍ എന്ന സംശയം ബലപ്പെടുകയാണ്.
പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പിഎൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് പീപ്പിൾസ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക്ക് സൈന്യത്തിനു ലഭ്യമായതെന്നാണു വിവരം. ഈ മിസൈലിന് 200 മുതൽ 300 കിലോമീറ്റർ വരെ (120–190 മൈൽ) ദൂരപരിധിയുണ്ടെന്നാണു റിപ്പോർട്ട്
Turkish military aircraft reportedly arrive in Pakistan