
അങ്കാറ: ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാൻ കഴിയില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗൻ. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം. മേഖലയില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന് തുര്‍ക്കി ആയുധം നല്‍കുന്നുവെന്ന ആരോപണവും എര്‍ദോഗൻ നിഷേധിച്ചു. കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് പരിണമിക്കുന്നതിന് മുമ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അങ്കാറയില്‍ ക്യാബിനറ്റ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു തുർക്കി പ്രസിഡന്റ്. അതിനിടെ പാകിസ്ഥാന് സൈനിക പിന്തുണ നൽകിയെന്ന വാർത്തതളും അദ്ദേഹം തള്ളി. തുര്‍ക്കി വ്യോമസേനയുടെ 7- സി 130 ഹെര്‍ക്കുലീസ് വിമാനങ്ങള്‍ പാകിസ്താന് വിട്ടുകൊടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതില്‍ ആറു വിമാനങ്ങള്‍ കറാച്ചിയിലും ഒരു വിമാനം ഇസ്‍ലാമാബാദിലുമാണ് വിന്യസിച്ചിട്ടുള്ളതെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാൽ ഈ വാർത്തകൾ എല്ലാം തുര്‍ക്കി തള്ളിയിട്ടുണ്ട്.