
നടൻ വിജയ് യുടെ നേതൃത്വത്തിലുള്ള ടിവികെ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തിൽ ആദ്യ പ്രതികരണവുമായി വിജയ്. തന്റെ ഹൃദയം നുറുങ്ങുന്നുവെന്നും ദുഃഖം അറിയിക്കാൻ വാക്കുകളില്ലെന്നും വിജയ് എക്സ് പോസ്റ്റിൽ കുറിച്ചു.
അപകടത്തിൽ തിക്കിലും തിരക്കിലും പെട്ട് 38 പേരാണ് മരിച്ചത്. 67 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 12 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപയും പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ ധനസഹായമായി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി അമിത് ഷാ ആശയവിനിമയം നടത്തി. കേന്ദ്രസർക്കാരിന്റെ സഹായം അമിത് ഉറപ്പുനൽകി.
റാലിയ്ക്ക് ഉദ്ദേശിച്ചതിലും പതിന്മടങ്ങ് ആളുകള്‍ മൈതാനത്തേക്ക് എത്തുകയായിരുന്നു. കൂടാതെ മൈതാനത്തില്‍ ആറര മണിക്കൂറിലധികം കാത്ത് നിന്നതിന് ശേഷമായിരുന്നു വിജയ് എത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് എത്തേണ്ടിയിരുന്ന വിജയ് വൈകീട്ട് ഏഴരയോടെയാണ് സ്ഥലത്ത് എത്തിയത്.