
തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ പരാതി നൽകിയ തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിച്ചു. പൊതുപ്രവർത്തകനായ കുളത്തൂർ ജയ്സിങാണ് പരാതിക്കാരൻ. പ്രസാദിന്റെ സംഘടനയുടെ അംഗീകാരം പരിശോധിക്കണമെന്നും ഒരു പേരിൽ ഒരു സംഘടന മാത്രമേ പ്രവർത്തിക്കാവൂ എന്ന നിയമം ലംഘിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നുമാണ് പ്രധാന ആവശ്യം. പരാതി അന്വേഷണത്തിനായി മുഖ്യമന്ത്രി ഐജിക്ക് കൈമാറി.
നേരത്തെ പ്രസാദിന്റെ പരാതി തള്ളിയ തിരുവാഭരണപാത സംരക്ഷണ സമിതി ചെയർമാൻ കെ. ഹരിദാസും പരാതിക്കാരനെതിരെ രംഗത്തെത്തി. പ്രസാദ് സംഘടനയിൽനിന്ന് പുറത്തുപോയ വ്യക്തിയാണെന്നും പുതിയ സംഘടന രൂപീകരിച്ചുവെന്നും ഹരിദാസ് ആരോപിച്ചു. അതേസമയം, മതവികാരം വ്രണപ്പെടുത്തിയെന്ന പ്രസാദിന്റെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തിരുന്നു.
ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുള്ള ഉൾപ്പെടെ നാലുപേരെ പ്രതിചേർത്താണ് കേസ്. ഖത്തറിൽ ജോലി ചെയ്യുന്ന കുഞ്ഞബ്ദുള്ളയാണ് പാട്ടെഴുതിയത്. ഡാനിഷ് മലപ്പുറം ആലപിച്ച് സിഎംഎസ് മീഡിയ ഉടമ സുബൈർ പന്തല്ലൂർ പുറത്തിറക്കിയ ഗാനം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പുതിയ പരാതിയോടെ വിവാദത്തിന് കൂടുതൽ ട്വിസ്റ്റ് ലഭിക്കുകയാണ്.













