
കൊച്ചി: കേരളത്തെ ഞെട്ടിക്കുന്ന സംഭവമായിരുന്നു കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ ക്രൂരമായ തൊഴില്‍ പീഡനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത തൊഴിൽ പീഡനെന്ന ആരോപണത്തില്‍ ട്വിസ്റ്റുണ്ടായി എന്നതാണ്. കഴുത്തില്‍ ബെല്‍റ്റ് ധരിപ്പിച്ച് പട്ടിയെ പോലെ നടത്തിക്കുന്ന ദൃശ്യങ്ങളിൽ കാണുന്ന യുവാവാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. അന്ന് സ്ഥാപനത്തിൽ ഉണ്ടായത് തൊഴില്‍ പീഡനമല്ലെന്നാണ് ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പറയുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഈ സംഭവം നടന്നതെന്നും കഞ്ചാവിന് അടിമയായ മനാഫ് എന്ന ജീവനക്കാരന്‍ ചിത്രീകരിച്ച വീഡിയോ ആണ് പുറത്തുവന്നതെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. സ്ഥാപന ഉടമയെ മോശക്കാരനാക്കാനായി ഇപ്പോള്‍ തന്‍റെ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. ക്രൂരത കാട്ടിയ മനാഫിനെ നേരത്തെ തന്നെ സ്ഥാപന ഉടമ പുറത്താക്കിയിരുന്നെന്നും താന്‍ ഇപ്പോഴും സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും യുവാവ് വ്യക്തമാക്കി.
കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സ് എന്ന സ്ഥാപനത്തിനും ഇവരുടെ പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ഡീലര്‍ഷിപ്പ് സ്ഥാപനമായ കെല്‍ട്രോകോപ്പിനും എതിരെയാണ് ആരോപണമുയര്‍ന്നത്. ഇതോടെ തൊഴില്‍ വകുപ്പും പൊലീസും അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സിന് സംഭവവുമായി ബന്ധമില്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. കൂടുതല്‍ ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്ത ശേഷം അടുത്ത ദിവസം വിശദമായ റിപ്പോര്‍ട്ട് തൊഴില്‍ വകുപ്പ് മന്ത്രിക്ക് നല്‍കുമെന്ന് തൊഴില്‍ വകുപ്പ് ജില്ലാ ഓഫിസര്‍ അറിയിച്ചു.