
വിശ്വ പ്രസിദ്ധമായ പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് വിലമതിക്കാനാവാത്ത ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലെ പാരീസിയൻ പത്രം പറയുന്നതനുസരിച്ച്, രണ്ടു പ്രതികൾ പാരീസിൻ്റെ പ്രാന്തപ്രദേശമായ സീൻ-സെന്റ്-ഡെനിസിൽ നിന്നുള്ളവരാണ്. ഒരാൾ ചാൾസ് ഡി ഗോൾ വിമാനത്താവളത്തിൽ നിന്ന് വിമാനത്തിൽ കയറാൻ തയ്യാറെടുക്കുമ്പോൾ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് പിടിയിലായത്. മുമ്പ് നിരവധി കൊള്ളകളിലും മോഷണങ്ങളിലും ശിക്ഷിക്കപ്പെട്ടവരാണ് പ്രതികൾ എന്ന് പൊലീസ് പറയുന്നു. പ്രതികളെ സംബന്ധിച്ച വിവരം പുറത്തുവിട്ടതിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിട്ടുണ്ട്. ഇവർ മോഷ്ടിച്ച വസ്തുക്കൾ നശിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഇത് .
ലോകത്തെ മുഴുവൻ നടക്കിയ മ്യൂസിയം കൊള്ള നടന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്. കൺസ്ട്രക്ഷൻ ജോലിക്ക് ഉപയോഗിക്കുന്ന മെക്കാനിക്കൽ ലിഫ്റ്റ് ( യന്ത്ര ഗോവണി) ഒരു വാഹനത്തിൽ കൊണ്ടുവന്ന് അത് ഉപയോഗിച്ച് മ്യൂസിയത്തിന്റെ രണ്ടാംനിലയിൽ കയറി പവർ ടൂളുകൾ ഉപയോഗിച്ച് ജനൽ തകർത്ത് മോണാലിസ ചിത്രം അടക്കം ഇരിക്കുന്ന അപ്പോളോ ഗാലറിയിൽ കയറി ചില്ലു കൂടുകൾ തകർത്ത് നെപ്പോളിയൻ കാലത്തേത് അടക്കമുള്ള രത്നാഭരണങ്ങളും കിരീടങ്ങളും ഉൾപ്പെടെ 9 മ്യൂസിയം പീസുകൾ കവർന്നു. വെറും 7 മിനിറ്റ് മാത്രമാണ് കൊള്ളക്ക് എടുത്ത സമയം. കാവൽക്കാർ എത്തുമ്പോഴേക്കും കള്ളന്മാർ ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു.
ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്‍തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. മുഖംമൂടി ധരിച്ച മൂന്നോ നാലോ പേരുടെ ഒരു സംഘമാണ് മോഷണത്തിനു പിന്നില്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍











