
അലബാമയിലെ ഒരു ഓൾ-ടെറൈൻ വെഹിക്കിൾ പാർക്കിൽ ഉണ്ടായ അപകടത്തിൽ രണ്ട് മുതിർന്നവർ മരിക്കുകയും ഏഴ് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ. വണ്ടിയിലെ ഡ്രൈവറും കൂടെയുണ്ടായിരുന്ന ഒരു സ്ത്രീയുമാണ് മരിച്ചത്. മരിച്ചയാൾ ഏഴ് കുട്ടികളുടെയും പിതാവാണെന്നും ആ സ്ത്രീ മൂന്ന് കുട്ടികളുടെ അമ്മയാണെന്നും ചെറോക്കി കൗണ്ടി കൊറോണർ പോൾ മക്ഡൊണാൾഡ് ഞായറാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
ഓഫ്-റോഡ് വാഹനത്തിൽ ആരും ഹാർനെസോ സുരക്ഷാ – മാർഗങ്ങളോ ധരിച്ചിരുന്നില്ല. പീഡ്‌മോണ്ടിലെ ഇന്ത്യൻ മൗണ്ടൻ എടിവി പാർക്കിൽ ഈ ഒമ്പത് ആളുകളുമായി തിങ്ങിനിറഞ്ഞ എടിവി മോഡലായ ആർഇസഡ്‌ആർ ശനിയാഴ്ച മറ്റൊരു എടിവിയിൽ ഇടിക്കുകയും പിന്നീട് മറിഞ്ഞ് ഒരു മരത്തിൽ ഇടിച്ചതായും ചെറോക്കി കൗണ്ടി എമർജൻസി മാനേജ്‌മെന്റ് ഏജൻസി ഡയറക്ടർ ഷോൺ റോജേഴ്‌സ് ഞായറാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പ്രഖ്യാപിച്ചു. മരിച്ച ഡ്രൈവർ എടിവി അമിത വേഗതയിൽ ഓടിച്ചപ്പോഴാണ് മറ്റൊരു വാഹനത്തിൽ ഇടിച്ചതെന്നും, കൂട്ടിയിടി ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചതായും തോന്നുന്നുവെന്ന് ചെറോക്കി കൗണ്ടി ഷെരീഫ് ജെഫ് ഷേവർ പറഞ്ഞു. മദ്യം ഒരു ഘടകമായിരുന്നോ എന്ന് നിർണ്ണയിക്കാൻ ടോക്സിക്കോളജി ഫലങ്ങൾക്കായി ഷെരീഫ് ഓഫീസ് കാത്തിരിക്കുകയാണ്.
അപകടത്തിൽ നാല് മെഡിക്കൽ ഹെലികോപ്റ്ററുകളിലായി പരിക്കേറ്റ സ്ത്രീയെയും മൂന്ന് കുട്ടികളെയും ബർമിംഗ്ഹാമിലെ ട്രോമ സെന്ററുകളിലേക്ക് കൊണ്ടുപോയി. തുടർന്ന് സ്ത്രീ പിന്നീട് മരിക്കുകയായിരുന്നു. മറ്റ് നാല് കുട്ടികളെ ആംബുലൻസുകളിൽ ജോർജിയയിലെ റോമിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ കുട്ടികളിൽ 1 മുതൽ 12 വയസ്സ് വരെ പ്രായമുള്ളവരുണ്ട്. മരിച്ചവരെല്ലാം ജോർജിയയിൽ നിന്നുള്ളവരാണെന്ന് മക്ഡൊണാൾഡ് പറഞ്ഞു.
കുടുംബാംഗങ്ങളുടെ അറിയിപ്പുകൾ ലഭിക്കുന്നതുവരെ ആരുടെയും ഐഡന്റിറ്റി പുറത്തുവിട്ടിട്ടില്ല. കുട്ടികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിയില്ലെന്നും അവരുടെ അവസ്ഥയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഇല്ലെന്നും റോജേഴ്‌സ് പറഞ്ഞു. മറ്റേ എടിവിയിലെ രണ്ടുപേർക്കും പരിക്കേറ്റിട്ടില്ലെന്നും അവർ സഹായം നൽകാൻ ശ്രമിച്ചതായും ഷേവർ പറഞ്ഞു. അപകടസ്ഥലം പാർക്കിനുള്ളിലെ ഒരു വിദൂര സ്ഥലത്തായിരുന്നു, അതിനാൽ എത്തിച്ചേരാൻ പ്രയാസമായിരുന്നു.