മാഞ്ചസ്റ്ററിനെ നടുക്കി ഭീകരാക്രമണം, ജനക്കൂട്ടത്തിലേക്ക് കാറോടിച്ച് കയറ്റി, രണ്ട് മരണം, 3 പേർക്ക് ഗുരുതര പരിക്ക്; അക്രമിയെ വെടിവെച്ച് കൊന്നു

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് മുന്നിൽ ഭീകരാക്രമണം. ജൂത കലണ്ടറിലെ പുണ്യദിനമായ യോം കിപ്പൂർ ദിനത്തിൽ ജനക്കൂട്ടത്തിന് നേരെ അക്രമി കാറോടിച്ച് കയറ്റുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പ്രതിയെ പോലീസ് വെടിവച്ച് കൊന്നതായി റിപ്പോർട്ട്. ബ്രിട്ടീഷ് സമയം രാവിലെ 9.30നാണ് സംഭവം നടന്നത്.

ആക്രമി ശരീരത്തിൽ ബോംബ് കെട്ടിവെച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. സിനഗോഗിന് പുറത്ത് നിന്നിരുന്ന മൂന്ന് പേർക്ക് കുത്തേറ്റതായും റിപ്പോർട്ടുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുന്നു. ആക്രമണത്തിന്റെ ഉദ്ദേശം ഇതുവരെ വ്യക്തമല്ല. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് യുകെയിലെ എല്ലാ സിനഗോഗുകളിലും സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചു.

പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആക്രമണത്തെ ശക്തമായി അപലപിച്ചു. “യോം കിപ്പൂർ ദിനത്തിൽ ഇത്തരമൊരു ആക്രമണം നടന്നത് ഞെട്ടിക്കുന്നതാണ്,” അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്ന് അദ്ദേഹം ഡെന്മാർക്കിലേക്കുള്ള യാത്ര മാറ്റിവച്ചു. യുകെയിലുടനീളമുള്ള സിനഗോഗുകളിൽ കൂടുതൽ പോലീസ് സുരക്ഷ ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ആക്രമണം മാഞ്ചസ്റ്റർ നഗരത്തിൽ ഭീതി പടർത്തിയിരിക്കുകയാണ്.

More Stories from this section

family-dental
witywide