മലയാളികളുടെ കാത്തിരിപ്പിന് രണ്ടുനാൾ കൂടി; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് 27-ന്

സംസ്ഥാനത്ത് കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഈ മാസം 27-ന് നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലനാകും നറുക്കെടുപ്പ് ഉദ്ഘാടനം നിര്‍വഹിക്കുക. എംഎല്‍എ മാരായ ആന്റണി രാജു, വി.എസ്. പ്രശാന്ത്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. നിതിന്‍ പ്രേംരാജ് എന്നിവര്‍ സന്നിഹിതരായിരിക്കും.

ഈ വർഷത്തെ തിരുവോണം ബമ്പറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് നറുക്കെടുപ്പ് നടക്കുന്ന ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ട് വരെ ടിക്കറ്റുകള്‍ വാങ്ങാം. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ല 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞു.കഴിഞ്ഞ വർഷം 71.40 ലക്ഷം എണ്ണം തിരുവോണം ബമ്പർ ടിക്കറ്റുകൾ ആണ് വില്പന നടന്നത്.

കഴിഞ്ഞതവണ പോലെ ഇത്തവണയും ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും.

More Stories from this section

family-dental
witywide