സംസ്ഥാനത്ത് വീണ്ടും 2 പേര്‍ക്ക് നിപ ബാധ: രോഗം സ്ഥിരീകരിച്ചത് പാലക്കാട്, മലപ്പുറം ജില്ലകളില്‍; കോഴിക്കോട് ജില്ലയിലും ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കാണ് രോഗബാധ. പൂണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപയാണെന്ന് ഉറപ്പിച്ചത്. ഇവര്‍ ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

നൂറിലേറെപ്പേര്‍ ഹൈറിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലുണ്ട്. നാട്ടുക്കല്‍, കിഴക്കുംപുറം മേഖലയിലെ 3 കിലോമീറ്റര്‍ പരിധി കണ്ടെയ്‌മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.

അതേസമയം, നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളേജുകളില്‍ പരിശോധന നടത്തിയപ്പോള്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവെന്നും. 3 ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പൊലീസിന്റെ കൂടി സഹായം തേടുമെന്നും സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ജില്ലാതലത്തില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമെന്നും കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പബ്ലിക് അനൗണ്‍സ്മെന്റ് നടത്തും. ഒരാളേയും വിട്ടു പോകാതെ കോണ്ടാക്ട് ട്രേസിംഗ് നടത്തും. ഈ കാലയളവില്‍ ഉണ്ടായ അസ്വാഭാവിക മരണങ്ങള്‍ പരിശോധിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.