കോട്ടയം: മലങ്കര കത്തോലിക്കാ സഭയുടെ പുതിയ മെത്രാൻമാരായി ഡോ. കുറിയാക്കോസ് തടത്തിൽ, ഡോ. ജോണ്‍ കുറ്റിയില്‍ എന്നിവരെ നിയമിച്ചു. അടൂർ മാര്‍ ഇവാനിയോസ് നഗറില്‍ നടന്ന ചടങ്ങിൽ കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് പ്രഖ്യാപനം നടത്തിയത്. മെത്രാഭിഷേകം നവംബര്‍ 22 ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. ഡോ. കുറിയാക്കോസ് തടത്തില്‍ യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ അപ്പസ്‌തോലിക വിസിറ്റേറ്ററായും ഡോ. ജോണ്‍ കുറ്റിയില്‍ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ സഹായമെത്രാനായും നിയമിതനായത്.
നിയുക്ത മെത്രാന്മാരെ പ്രഖ്യാപനത്തിന് ശേഷംമാർ ക്ലീമീസ് കാതോലിക്കാ ബാവ വിരലിൽ മോതിരം അണിയിച്ചു. നിയുക്ത മെത്രാൻ മോൺ. ഡോ. കുറിയാക്കോസ് തടത്തിലിനെ യൂറോപ്പിലെ മുൻ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് ഇടക്കെട്ടും, പത്തനംതിട്ട രൂപതാധ്യക്ഷൻ ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ് കറുത്ത കുപ്പായവും തിരുവല്ല ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസ് കുരിശുമാലയും അണിയിച്ചു. നിയുക്ത മെത്രാൻ മോൺ. ഡോ. ജോൺ കുറ്റിയിലിനെ മാവേലിക്കര രൂപത മുൻ അധ്യക്ഷൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് ഇടക്കെട്ടും ബത്തേരി രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് മാർ തോമസ് കറുത്ത കുപ്പായവും പാറശാല രൂപതാധ്യക്ഷൻ ബിഷപ്പ് തോമസ് മാർ യൗസേബിയോസ് കുരിശുമാലയും അണിയിച്ചു.
തിരുവല്ല അതിഭദ്രാസനത്തിലെ അമയന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗമാണ് നിയുക്ത മെത്രാൻ കുറിയാക്കോസ് തടത്തിൽ. കോട്ടയം അമയന്നൂർ സ്വദേശിയായ ഡോ. കുറിയാക്കോസ് 1987ൽ തിരുവല്ല അതിരൂപതയിലെ വൈദികനായി സേവനം ആരംഭിച്ചു. 2021 മുതൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജിയൻ്റെ സഭാതല കോർഡിനേറ്റർ ആണ്.
നിയുക്ത സഹായമെത്രാൻ ഡോ. ജോൺ കുറ്റിയിൽ 2008-ൽ പൗരോഹിത്യം സ്വീകരിച്ച് തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ വൈദികനായി. കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ സെക്രട്ടറിയായി പ്രാഥമിക നിയമനം. ചാല, കരമന, പാറോട്ടുകോണം, പാളയം സമാധാന രാജ്ഞി ബസിലിക്കാ എന്നി ഇടവകകളിൽ വികാരിയായി സേവനമനുഷ്‌ഠിച്ചു. മേജർ അതിഭദ്രാസന ചാൻസലറായും സഭയുടെ മാസ്റ്റർ ഓഫ് സെറിമണിസ് ആയും സേവനമനുഷ്‌ഠിച്ചു വരുന്നു. തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ കൊട്ടാരക്കര കിഴക്കേത്തെരുവ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവാകാംഗമാണ് അദ്ദേഹം.











