
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ ഉയർത്തുന്ന സമ്മർദ്ദങ്ങൾ തള്ളിക്കളഞ്ഞ് യു ഡി എഫ്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ യുഡിഎഫ് തീരുമാനിച്ചു. സാമുദായിക പരിഗണനയും ഷൗക്കത്തിന് അനുകൂലമാണെന്നതടക്കമുള്ള വിലയിരുത്തലിലാണ് അൻവറിന്‍റെ നിലപാടുകൾ കോൺഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞത്. കെപിസിസി തീരുമാനം ഇന്ന് തന്നെ ഹൈക്കമാൻഡിനെ അറിയിച്ചേക്കും. ആര്യാടൻ ഷൗക്കത്തിൻ്റെ പേര് മാത്രമാകും ഹൈക്കമാൻഡിനെ അറിയിക്കുക. സ്ഥാനാർഥി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
അൻവറിനെ പിണക്കാതെ ഒപ്പം കൂട്ടാം എന്നാണ് യു ഡി എഫ് കരുതിയിരുന്നതെങ്കിലും ഇന്ന് രാവിലെയുള്ള അൻവറിന്‍റെ പ്രസ്താവനയാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ആരെയെങ്കിലും എം എൽ എ ആക്കാനല്ല താൻ രാജിവച്ചതെന്ന് പറഞ്ഞ അൻവർ, മത്സര സാധ്യതയും രാവിലെ മുന്നോട്ടുവച്ചിരുന്നു. ഇതോടെയാണ് അൻവറിന് മുന്നിൽ വഴങ്ങേണ്ടതില്ലെന്ന നിലപാടിലേക്ക് യു ഡി എഫ് നേതൃത്വത്തെ എത്തിച്ചത്. ഉച്ചയോടെ നേതൃയോഗം ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മലപ്പുറം ഡി സി സി അധ്യക്ഷനും സ്ഥാനാർഥി പട്ടികയിലെ മറ്റൊരു പ്രമുഖനുമായിരുന്ന വി എസ് ജോയിയെ അറിയിക്കുകയും ചെയ്തു. നേതൃത്വത്തിന്‍റെ തീരുമാനം ജോയി അംഗീകരിച്ചതായാണ് വ്യക്തമാകുന്നത്. ഇതോടെ ഇന്ന് തന്നെ എ ഐ സി സി ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയാല്‍ അംഗീകരിക്കില്ലെന്നാണ് അൻവറിന്‍റെ നിലപാട്. ഈ സാഹചര്യത്തിൽ അൻവർ സ്വതന്ത്ര സ്ഥാനാർഥിയാകാനുള്ള സാധ്യതയും ഏറുകയാണ്. നിലമ്പൂരില്‍ സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് ‘തള്ളുകയും വേണ്ട കൊള്ളുകയും വേണ്ട’ എന്നായിരുന്നു രാവിലെ അന്‍വർ നൽകിയ മറുപടി.