യുഡിഎഫ് കടുപ്പിച്ചതോടെ ‘ലാസ്റ്റ് ബസി’ൽ കയറാനൊരുങ്ങി അൻവർ, നിലപാടിൽ വിട്ടുവീഴ്ച്ച, മുന്നണിയിൽ എടുത്താൽ ആര്യടനെ അംഗീകരിക്കുന്നതിൽ പ്രശ്നമില്ല?

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസുമായുള്ള തര്‍ക്കത്തിൽ ഒത്തുതീര്‍പ്പ് ഉടനെന്ന് സൂചന നല്‍കി പി.വി. അന്‍വർ രംഗത്ത്. ആര്യാടന്‍ ഷൗക്കത്തിനെ വിമര്‍ശിച്ചത് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗം അല്ലാത്തതിനാലാണെന്നും യുഡിഎഫില്‍ എത്തിയാല്‍ അഭിപ്രായത്തിന് മാറ്റം വന്നേക്കാമെന്നും പി.വി. അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഇപ്പോഴും യുഡിഎഫിന്റെ ഭാഗമല്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനര്‍ ആണ്. അതുകൊണ്ട് തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് അഭിപ്രായം പറയാം. ആര്യാടന്‍ ഷൗക്കത്തിനെ വിമര്‍ശിച്ചതും ആ നിലയ്ക്കാണ്. പറഞ്ഞ വിമര്‍ശനങ്ങള്‍ പരിധി കടന്നെന്ന് തോന്നിയിട്ടില്ല. ഷൗക്കത്തിനെക്കുറിച്ച് പറഞ്ഞതെല്ലാം വസ്തുതകള്‍ തന്നെയാണെന്നും അന്‍വര്‍ പറഞ്ഞു.

യുഡിഎഫ് യോഗത്തിന് ശേഷം വി.ഡി. സതീശന്റെ പ്രസ്താവന പോസിറ്റീവ് ആയാണോ കാണുന്നത് എന്ന ചോദ്യത്തിന് താന്‍ എപ്പോഴും പോസിറ്റീവ് ആണെന്നായിരുന്നു അന്‍വറിന്റെ മറുപടി. തങ്ങളുടേത് ഒരു ചിന്ന പാര്‍ട്ടിയാണ്. പ്രതീക്ഷ ഉണ്ട്. എന്താണ് സംഭവിക്കുകയെന്ന് നോക്കാം. താന്‍ എപ്പോഴും ഹാപ്പി ആണെന്നും യുഡിഎഫ് അസോസിയേറ്റ് അംഗമായി പ്രഖ്യാപിക്കുമോ എന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരമായില്ലേ, പിന്നെയാണോ ഇത് എന്നും അന്‍വര്‍ ചോദിച്ചു.

പി.വി. അന്‍വര്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെ. അതിനനുസരിച്ച് യുഡിഎഫ് തീരുമാനം എടുക്കാമെന്നായിരുന്നു വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞത്. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയുമായും പ്രചരണവുമൊക്കെയായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ അന്‍വര്‍ തയ്യാറാണെങ്കില്‍ യുഡിഎഫുമായി സഹകരിക്കാമെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്. അൻവറിന് യു ഡി എഫ് മുന്നണിയിലെത്താനുള്ള ലാസ്റ്റ് ബസ് ആണ് ഇതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വർ നിലപാട് മയപ്പെടുത്തിയത്.

More Stories from this section

family-dental
witywide