
തിരുവനന്തപുരം : തിരുവനന്തപുരത്ത് നാലര പതിറ്റാണ്ടുകാലത്തെ സിപിഎം ഭരണം അവസാനിപ്പിക്കാൻ ബിജെപി ഒരുങ്ങുന്ന കാഴ്ചയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ചിത്രം പൂർത്തിയാകുമ്പോൾ ലഭിക്കുന്നത്. 2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും പ്രചാരണ തന്ത്രവും ദിശയും രൂപപ്പെടുത്തുന്ന തിരഞ്ഞെടുപ്പുകൂടിയായിരുന്നു കഴിഞ്ഞുപോയത്. ഇതിനാൽത്തന്നെ രാഷ്ട്രീയകേരളം ഈ ഫലം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കേരളം യുഎഡിഎഫ് തരംഗത്തിലേക്കാണ് നീങ്ങുന്നതെന്ന വ്യക്തമായ കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.
കൈവിട്ട കോർപ്പറേഷനുകൾ തിരിച്ചുപിടിച്ചും മുനിസിപ്പാലിറ്റികളിൽ ഇരട്ടിയോളം ബ്ലോക്ക് പഞ്ചായത്തുകളിൽ എതിരാളികളെ പിന്നിലാക്കിയും ഗ്രാമ പഞ്ചായത്തുകളിൽ അഞ്ഞൂറെണ്ണം നേടിയും തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തേരോട്ടം. അതേസമയം, തിരുവനന്തപുരം നേടി എൻഡിഎ ചരിത്രത്തിലാദ്യമായി കേരളത്തിൽ ഒരു കോർപ്പറേഷൻ സ്വന്തമാക്കി.
കഴിഞ്ഞ തവണ അഞ്ച് കോർപ്പറേഷനുകൾ ഭരിച്ച എൽഡിഎഫിന് ഇക്കുറി കോഴിക്കോട്ട് മാത്രമാണ് ഏറ്റവും വലിയ കക്ഷി ആവാനായത്. ഇവിടെയും ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 2020-ൽ കണ്ണൂർ മാത്രം ലഭിച്ച യുഡിഎഫിന് ഇക്കുറി കൊച്ചിയും തൃശൂരും വൻ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാനായി. കൊല്ലം കോർപ്പറേഷനിൽ വൻ അട്ടമിറിയാണ് യുഡിഎഫ് നടത്തിയത്. തിരുവനന്തപുരത്തും കോഴിക്കോട്ടും സീറ്റുകൾ കൂട്ടാനും യുഡിഫിനു സാധിച്ചു.
മുനിസിപ്പാലിറ്റികളിലും യുഡിഎഫിന് തിളക്കമാർന്ന മുന്നേറ്റം കാഴ്ചവയ്ക്കാനായി. 86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണമാണ് യുഡിഎഫ് സ്വന്തമാക്കിയത്. എൽഡിഎഫിന് 28 എണ്ണമേ നേടാനായുള്ളൂ. എൻഡിഎയ്ക്ക് രണ്ട് മുനിസിപ്പാലിറ്റികളിൽ ഭൂരിപക്ഷമുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെയുള്ള 143-ൽ 81 എണ്ണമാണ് യുഡിഎഫ് പക്ഷത്തേക്കു ചാഞ്ഞത്. 63 എണ്ണം ഇടതു മുന്നണി നേടി.
തലസ്ഥാനമായ തിരുവനന്തപുരം കോർപ്പറേഷനിലെ മത്സരം വളരെ ശ്രദ്ധപിടിച്ചുപറ്റുന്നുണ്ട്. ഇവിടെ ആദ്യ ട്രെൻഡുകളിൽത്തന്നെ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്നിരുന്നു. തിരുവനന്തപുരത്ത് നാലര പതിറ്റാണ്ടുകാലത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് എൻഡിഎ ചരിത്രകുറിച്ചിരിക്കുകയാണ്. ഈ വിജയം നൽകുന്ന ആത്മവിശ്വാസം ബിജെപിയെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന 1,199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8 മണിക്കാണ് ആരംഭിച്ചത്. ഉദ്യോഗസ്ഥർ ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിയത്. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണി. സംസ്ഥാനത്തുടനീളമുള്ള 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 14 ജില്ലാ കളക്ടറേറ്റുകളിലും ഈ പ്രക്രിയ നടക്കുന്നു. 1995 ലെ ആദ്യ സിവിൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ആണ് ഈ വർഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.
തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെയും മുനിസിപ്പൽ കൗൺസിലർമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ 21 ന് രാവിലെ 10 മണിക്ക് നടക്കും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേഷൻ കൗൺസിലർമാരും അതേ ദിവസം രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.
രണ്ട് ഘട്ടങ്ങളിലായി നടത്തിയ തിരഞ്ഞെടുപ്പിൽ ഡിസംബർ 9 ന് നടന്ന ആദ്യ ഘട്ടത്തിൽ 70.91 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ (ഡിസംബർ 11) 76.08 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
UDF wave across Kerala in local body election, BJP to end 45 years of CPM rule in Thiruvananthapuram











