‘പികെ ഫിറോസ് ലീഗിന്‍റെ സെയില്‍സ് മാനേജർ, ദോത്തി ചലഞ്ചിലും തട്ടിപ്പ്’; ഖുര്‍ആൻ ഉയർത്തി സത്യം ചെയ്ത് ജലീല്‍, രാഹുൽ മാങ്കൂട്ടത്തിലിനും വിമർശനം

മലപ്പുറം: യുഡിഎഫിന്റെ യുവനേതാക്കൾ രാഷ്ട്രീയത്തിൽ പുതിയ മാഫിയ സംസ്കാരം കൊണ്ടുവരുകയാണെന്ന് കെടി ജലീൽ എംഎൽഎ ആരോപിച്ചു. പണമുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. യൂത്ത് കോൺഗ്രസ് വയനാട്ടിൽ വീട് വയ്ക്കാൻ പണം പിരിച്ചത് വിവാദമായപ്പോൾ, യൂത്ത് ലീഗ് നേതാക്കൾ പണം പിരിച്ച ശേഷം പുതിയ കച്ചവട സ്ഥാപനങ്ങൾ തുടങ്ങുന്നതാണ് കാണുന്നതെന്നും ജലീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുസ്ലിം ലീഗിന്റെ സെയിൽസ് മാനേജരായ പികെ ഫിറോസ്, ദോത്തി ചലഞ്ച് എന്ന പേര് നൽകി 200 രൂപയ്ക്ക് ലഭ്യമാകുന്ന മുണ്ട് 600 രൂപയ്ക്ക് വിറ്റ് വൻ തട്ടിപ്പ് നടത്തിയെന്നും, ദുബായിലെ ഫോർച്യൂൺ ഹൗസ് ജനറൽ എന്ന കമ്പനിയുടെ മാനേജരായ ഫിറോസ് മാസം 5.25 ലക്ഷം രൂപ ശമ്പളം വാങ്ങുന്നുണ്ടെന്നും ജലീൽ ആരോപിച്ചു. 2021ൽ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് പറഞ്ഞിരുന്ന ഫിറോസിന് 2024 ആയപ്പോഴേക്കും ഇത്ര വലിയ ശമ്പളമുള്ള ജോലി എങ്ങനെ ലഭിച്ചുവെന്നും ജലീൽ ചോദ്യമുയർത്തി.

പാർട്ടി പദ്ധതികളുടെ മറവിൽ ഫിറോസ് വൻ സാമ്പത്തിക തിരിമറി നടത്തുന്നുണ്ടെന്നും, ഈ രേഖകൾ യൂത്ത് ലീഗ് നേതാക്കൾ തന്നെയാണ് തനിക്ക് നൽകിയതെന്നും ജലീൽ വെളിപ്പെടുത്തി. ഐസ്ക്രീം പാർലർ കേസിൽ പികെ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ജഡ്ജി സിറിയക് ജോസഫിനെ മുസ്ലിം ലീഗ് നേതാക്കൾ സ്വാധീനിച്ചാണ് തനിക്കെതിരെ ബന്ധു നിയമന കേസിൽ നടപടി എടുപ്പിച്ചതെന്നും ജലീൽ ആരോപിച്ചു. സിറിയക് ജോസഫിന് ലീഗ് നേതാക്കൾ ഒട്ടേറെ സഹായങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide