
ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ യുകെയിലെ ഒരു വാസ്‌കുലര്‍ സര്‍ജന്‍ തന്റെ രണ്ട് കാലുകളും മുറിച്ചുമാറ്റി. വൈദ്യശാസ്ത്ര, നിയമ മേഖലകളില്‍ കോളിളക്കം സൃഷ്ടിച്ച ഒരു ഞെട്ടിക്കുന്ന കേസിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. 5.4 കോടി (500,000 പൗണ്ട്) രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാനാണ് യുകെ സര്‍ജന്‍ തന്റെ കാലുകള്‍ മുറിച്ചുമാറ്റിയത്. സെപ്‌സിസ് കാരണം തനിക്ക് കാലുകള്‍ നഷ്ടപ്പെട്ടതായി കോണ്‍വാളില്‍ നിന്നുള്ള 49 കാരനായ നീല്‍ ഹോപ്പര്‍ അവകാശപ്പെട്ടു. എന്നാല്‍ അന്വേഷണത്തില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാനായിരുന്നു ഇങ്ങനെ ചെയ്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പിടിയിലായ 49 കാരനായ സര്‍ജന്‍ നീല്‍ ഹോപ്പറിനെതിരെ വഞ്ചന, ഗുരുതരമായ ശാരീരിക ഉപദ്രവം വരുത്താനുള്ള ഗൂഢാലോചന എന്നീ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കി. നീല്‍ ഹോപ്പറിനെതിരെ ഡെവണും കോണ്‍വാള്‍ പൊലീസും നടത്തിയ രണ്ടര വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റം ചുമത്തിയത്. മുമ്പ് റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന ഹോപ്പര്‍, 2019 ല്‍ സെപ്‌സിസ് മൂലം തന്റെ രണ്ട് കാലുകളും മുറിച്ചുമാറ്റിയതായി അവകാശപ്പെട്ടിരുന്നു. മാധ്യമ അഭിമുഖങ്ങളിലടക്കം ഇതിന്റെ പേരില്‍ അദ്ദേഹം ചര്‍ച്ചാ വിഷയമായിരുന്നു.
ഹോപ്പറിന്റെ അതിജീവനത്തിന്റെ കഥ മുമ്പ് പ്രതിരോധശേഷിയുടെയും വൈദ്യശാസ്ത്ര പ്രചോദനത്തിന്റെയും കഥയായി പങ്കുവെച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം തനിക്ക് വീണ്ടും നടക്കാന്‍ കഴിഞ്ഞുവെന്ന് ഹോപ്പര്‍ അവകാശപ്പെട്ടു, ഇത് മൂന്ന് മാസത്തെ ശരാശരി സുഖം പ്രാപിക്കുന്ന സമയത്തേക്കാള്‍ വളരെ വേഗത്തിലാണെന്ന് അന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ കാലുകള്‍ നഷ്ടപ്പെട്ടതിനുശേഷം താന്‍ കൂടുതല്‍ സജീവമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. വൈകല്യമുള്ള ഒരു ബഹിരാകാശയാത്രികനെ കണ്ടെത്തുന്നതിനുള്ള യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ശ്രമങ്ങള്‍ക്കിടയിലാണ് ഇദ്ദേഹത്തെ അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഏജന്‍സിയുടെ ചുരുക്കപ്പട്ടികയില്‍ ഇദ്ദേഹത്തിന്റെയും പേരുണ്ടായിരുന്നു.
പ്രോസിക്യൂട്ടര്‍മാരുടെ അഭിപ്രായത്തില്‍, 2019 ലാണ് അദ്ദേഹം ഇന്‍ഷുറന്‍സുകാര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ച് തുക കൈക്കലാക്കിയത്. മനഃപൂര്‍വ്വം സ്വയം ഉപദ്രവിച്ചതിനുപകരം ജീവന് ഭീഷണിയായ അണുബാധയുടെ ഫലമായാണ് കാലുകള്‍ മുറിച്ചുമാറ്റിയതെന്നാണ് അദ്ദേഹം വരുത്തിത്തീര്‍ത്തത്. രണ്ട് വ്യത്യസ്ത ഇന്‍ഷുറന്‍സ് ദാതാക്കളില്‍ നിന്ന് 235,622 പൗണ്ടും, 231,031 പൗണ്ടും നഷ്ടപരിഹാരം തേടിയതായി അധികൃതര്‍ ആരോപിക്കുന്നു.
2018 ആഗസ്റ്റിനും 2020 ഡിസംബറിനും ഇടയില്‍, ദി യൂണച്ച് മേക്കര്‍ എന്നറിയപ്പെടുന്ന ഒരു വെബ്സൈറ്റില്‍ നിന്ന് ഡോക്ടര്‍ അവയവങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വീഡിയോകള്‍ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. വീഡിയോയില്‍ അവയവങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ ഗ്രാഫിക് ഫൂട്ടേജുകള്‍ ഉണ്ടായിരുന്നു.
ബോഡ്മിനിലെ കോണ്‍വാള്‍ മജിസ്ട്രേറ്റ് കോടതിയില്‍ 40 മിനിറ്റ് നീണ്ട വാദം കേള്‍ക്കലിനായി ഹോപ്പര്‍ കസ്റ്റഡിയില്‍ ഹാജരായി. ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും നിരസിക്കപ്പെട്ടു. ഹോപ്പര്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
ഹോപ്പര്‍ മുമ്പ് ജോലി ചെയ്തിരുന്ന റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ വക്താവ് വാര്‍ത്തയോട് പ്രതികരിക്കുകയും ഇയാള്‍ ചികിത്സിച്ച രോഗികള്‍ക്ക് അപകടസാധ്യതയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2013 മുതല്‍ റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്ത ഹോപ്പറിനെ അറസ്റ്റിനെത്തുടര്‍ന്ന് 2023 മാര്‍ച്ചില്‍ ഡ്യൂട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.