
മാള: കുഴൂരിൽ ആറുവയസ്സുകാരനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ലൈംഗിക അതിക്രമം ചെറുത്തതിന് അയൽവാസിയായ 20 വയസ്സുകാരൻ ജോജോ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കുഴൂർ സ്വർണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിന്റെയും നീതുവിന്റെയും മകൻ ഏബലാണ് മരിച്ചത്. യുകെജി വിദ്യാർഥിയാണ് കൊല്ലപ്പെട്ട കുട്ടി.
വ്യാഴാഴ്‌ച വൈകീട്ടാണ് കുട്ടിയെ കാണാതായതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് രാത്രി ഒൻപതിന് കുളത്തിൽനിന്ന് മൃതദേഹം കിട്ടിയത്.
കാണാതാകുമ്പോൾ കുട്ടിക്കൊപ്പമുണ്ടായിരുന്ന ജോജോയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാനുള്ള ശ്രമം ചെറുത്തതിനാൽ കുളത്തിൽ മുക്കിക്കൊന്നതായി യുവാവ് മൊഴി നൽകിയതായി റൂറൽ എസ്‌പി ബി. കൃഷ്ണകുമാർ പറഞ്ഞു. പീഡന ശ്രമം അമ്മയോട് പറയുമെന്ന് കുട്ടി പറഞ്ഞതോടെയാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു.
കുട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് വിവരം. ചാമ്പക്ക തരാമെന്നുപറഞ്ഞ് കുളത്തിനരികെ കൊണ്ടുപോയശേഷം കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പ്രതി ജോജോ പോലീസിന് മൊഴി നൽകിയതെന്നാണ് വിവരം. മുങ്ങിത്താഴുന്നതിനിടെ തിരികെക്കയറാൻ കുട്ടി ശ്രമിച്ചെങ്കിലും വീണ്ടും വീണ്ടും കുട്ടിയെ കുളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
യുവാവിനൊപ്പം കുട്ടി ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. വീടിനടുത്തുള്ള പാടത്തുവരെ കുട്ടി എത്തിയതായും സൂചന കിട്ടി. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ നടത്തിയത്. തിരച്ചിലിൽ പ്രതിയായ 20-കാരനായ യുവാവുമുണ്ടായിരുന്നു. തുടക്കം മുതൽ ഇയാളുടെ നീക്കങ്ങളിൽ ദുരൂഹത തോന്നിയതോടെയാണ് പോലീസ് ചോദ്യം ചെയ്തത്. കുളത്തിൽ വീഴുന്നത് കണ്ടുവെന്നായിരുന്നു ആദ്യത്തെ മൊഴി. കൂടുതൽ ചോദ്യം ചെയ്തപ്പോൾ മുക്കിക്കൊന്നതായി സമ്മതിക്കുകയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള യുവാവ് നേരത്തേ ബോസ്റ്റൽ സ്കൂളിൽ (യുവജന നവീകരണ കേന്ദ്രം) ആയിരുന്നു.
താണിശ്ശേരി സെയ്ന്റ് സേവിയേഴ്സ് സ്‌കൂളിലെ യുകെജി വിദ്യാർഥിയാണ് ഏബൽ. സഹോദരങ്ങൾ: ആഷ്വിൻ, ആരോൺ. മൃതദേഹം കുഴിക്കാട്ടുശ്ശേരി മറിയംത്രേസ്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
UKG student drowned in pond after resisting sexual assault