
ന്യൂഡല്‍ഹി : യുക്രെയ്‌നിലുടനീളം രാത്രിയില്‍ നടന്ന റഷ്യന്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുക്രെയ്നിലെ വിവിധ ഇടങ്ങളിലായി നടന്ന ആക്രമണത്തിലാണ് നാലുപേർ മരിച്ചത്.
ആക്രമണത്തിന് ശേഷം തലസ്ഥാനമായ കീവിലെ കാബിനറ്റ് കെട്ടിടത്തിന് തീപിടിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെട്ടിടത്തിന്റെ മേല്‍ക്കൂരയും മുകളിലത്തെ നിലകളും തകര്‍ന്നു. രക്ഷാപ്രവര്‍ത്തകര്‍ തീ അണയ്ക്കുകയാണ്,’ പ്രധാനമന്ത്രി യൂലിയ സൈ്വരിഡെങ്കോ ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്തു. ആക്രമണത്തില്‍ കീവിലെ നിരവധി ബഹുനില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
2022 ഫെബ്രുവരിയില്‍ അധിനിവേശം തുടങ്ങിയ റഷ്യയെ പിടിച്ചുകെട്ടാനും യുക്രെയ്‌നില്‍ സമാധാനം കൈവരിക്കാനുമുള്ള ശ്രമങ്ങള്‍ ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല. യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമീപ ആഴ്ചകളില്‍ നടത്തിയ ശ്രമങ്ങളില്‍ ഇതുവരെ കാര്യമായ പുരോഗതിയില്ല. റഷ്യന്‍ സൈന്യം യുക്രെയ്ന്‍ പ്രദേശത്തിന്റെ ഏകദേശം 20 ശതമാനത്തോളം ഇതുവരെ കൈവശപ്പെടുത്തിയിട്ടുണ്ട്. മൂന്നര വര്‍ഷത്തെ പോരാട്ടത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു.