
വാഷിംഗ്ടണ്‍ : റഷ്യയുമായി യുദ്ധം തുടരുന്നതിനിടെ യുഎസുമായി ദീര്‍ഘദൂര ആയുധ ഇടപാടുകള്‍ നടത്താന്‍ യുക്രെയ്ന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറയുന്നു. നിലവിലുള്ള 90 ബില്യണ്‍ ഡോളറിന്റെ കരാറിന് പുറമേയാണ് ദീര്‍ഘദൂര ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള ആയുധ വിതരണത്തില്‍ യുഎസുമായി കൂടുതല്‍ കരാറുകള്‍ ഉറപ്പാക്കാന്‍ യുക്രെയ്ന്‍ ശ്രമം നടത്തുന്നത്. യുക്രെയ്ന്‍ തലസ്ഥാനം കൈവില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പങ്കിടാന്‍ അദ്ദേഹം വിസമ്മതിച്ചു.
റഷ്യന്‍ പ്രദേശത്തിനുള്ളില്‍ സൈനിക, ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ യുക്രെയ്ന്‍ നിലവില്‍ ഡ്രോണുകള്‍പോലുള്ള സ്വന്തം ദീര്‍ഘദൂര ആയുധങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
ആയുധ വാങ്ങല്‍ കരാര്‍ നടപ്പിലാക്കുന്നതിനായി ഈ മാസം അവസാനമോ ഒക്ടോബര്‍ ആദ്യമോ യുഎസില്‍വെച്ച് യുക്രേനിയന്‍ പ്രതിനിധി സംഘം ചര്‍ച്ചകള്‍ നടത്തുമെന്നും സെലെന്‍സ്‌കി പറഞ്ഞു.














