
കൈവ്: റഷ്യന്‍ സൈന്യം നാല് ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി റഷ്യന്‍ അതിര്‍ത്തിയിലുള്ള യുക്രെയ്‌നിന്റെ സുമി മേഖലയിലെ ഗവര്‍ണര്‍ പറഞ്ഞു. മാസങ്ങളായി പതിവായി റഷ്യന്‍ വ്യോമാക്രമണങ്ങള്‍ക്ക് ഇരയാകുന്ന സുമിയിലെ ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി റഷ്യയുടെ സൈനിക, റഷ്യന്‍ സൈനിക ബ്ലോഗര്‍മാരും കഴിഞ്ഞ കുറച്ചുദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സുമി മേഖലയിലെ നാല് ഗ്രാമങ്ങള്‍ ഇപ്പോള്‍ റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഒലെ ഹ്രിഹോറോവ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. നോവെങ്കെ, ബാസിവ്ക, വെസെലിവ്ക, ഷുറാവ്ക എന്നീ ഗ്രാമങ്ങളിലാണ് റഷ്യ ആധിപത്യം ഉറപ്പിച്ചത്. ഇവിടങ്ങളിലെ താമസക്കാരെ സൈന്യം ഒഴിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.സമീപ ദിവസങ്ങളില്‍ റഷ്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മോസ്‌കോയുടെ സൈന്യം മേഖലയിലെ ഗ്രാമങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായി വ്യക്തമാക്കുന്നു.
2024 ഓഗസ്റ്റില്‍ യുക്രേനിയന്‍ സൈന്യം അതിര്‍ത്തി കടന്നുള്ള ഒരു വലിയ കടന്നുകയറ്റം നടത്തിയ റഷ്യയിലെ കുര്‍സ്‌ക് മേഖലയ്ക്ക് എതിര്‍വശത്താണ് സുമി മേഖല. കുര്‍സ്‌കില്‍ നിന്ന് യുക്രേനിയന്‍ സൈന്യത്തെ പുറത്താക്കിയതായി റഷ്യ പറയുന്നുണ്ടെങ്കിലും തങ്ങളുടെ സൈന്യം ഇപ്പോഴും അവിടെ സജീവമാണെന്ന് യുക്രെയ്‌നും പറയുന്നു. സുമി മേഖലയിലെ പ്രധാന നഗരത്തില്‍ കഴിഞ്ഞ മാസം ഓശാന ഞായറാഴ്ച നടന്ന റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു.
യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന വ്യാപകമായ ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അനാവശ്യമായി നിരപരാധികളെ ധാരാളമായി റഷ്യ കൊന്നൊടുക്കുകയാണെന്നും പുടിന്‍ ഭ്രാന്തുപിടിച്ചെന്നുമായിരുന്നു ട്രംപിന്റെ വിമര്‍ശനം.