
ആയുധശേഖരത്തിനായി കരുത്തായി പുതിയ അത്യാധുനിക ഡ്രോണ്‍ കൂടെ എത്തിച്ച് യുക്രൈൻ. ശത്രുവിന്റെ താവളത്തില്‍ പോയി ആക്രമണം നടത്തിയ ശേഷം അതിവേഗത്തിൽ തന്നെ തിരികെയെത്താൻ ശേഷിയുള്ളതാണ് ഈ ഡ്രോൺ. അതുകൊണ്ട് തന്നെ വീണ്ടും ഉപയോഗിക്കാനാകും എന്ന നേട്ടവുമുണ്ട്. . റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെയാണ് യുക്രൈൻ പുതിയ ഡ്രോൺ എത്തിച്ചിട്ടുള്ളത്.
‘യുദ്ധഭൂമിയിലെ കളിയുടെ നിയമങ്ങള്‍ മാറ്റിയെഴുതാന്‍ കഴിയുന്ന സവിശേഷമായ ഒന്ന്’- ഡ്രോണിനെ കുറിച്ച് യുക്രൈന്‍ സൈന്യത്തിന്റെ ഡ്രോണ്‍ വിഭാഗം പുതിയ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്. റഷ്യ യുക്രൈനിൽ ആക്രമണം തുടങ്ങിയത് മുതൽ തന്നെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കാന്‍ യുക്രൈന്റെ എഞ്ചിനീയര്‍മാര്‍ ആരംഭിച്ചിരുന്നു.
250 കിലോഗ്രാം ബോംബ് വഹിച്ചുകൊണ്ട് 2000 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് യുക്രൈന്റെ പുതിയ ഡ്രോണ്‍. ഡ്രോണിനെ കുറിച്ചുള്ള അധികം വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. സാധാരണക്കാര്‍ ഉപയോഗിക്കുന്ന എയ്‌റോപ്രാക്റ്റ് എ-22 എന്ന സ്‌പോര്‍ട് വിമാനത്തെ പരിഷ്‌കരിച്ചാണ് പുതിയ ഡ്രോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് സൂചനകൾ പുറത്ത് വന്നിട്ടുള്ളത്. എ-22 വിമാനത്തിന്റെ അടിഭാഗത്ത് ബോംബ് വഹിക്കാനുള്ള റാക്കും റിമോട്ട് കണ്‍ട്രോള്‍ ഉപകരണങ്ങളും ഘടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ചിത്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
അടുത്തിടെ 1610 കിലോമീറ്റര്‍ ദൂരെയുള്ള റഷ്യന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടന്നതോടെയാണ് യുക്രൈന്‍ പുനരുപയോഗിക്കാവുന്ന ബോംബര്‍ ഡ്രോണുകള്‍ വികസിപ്പിച്ചതായുള്ള അഭ്യൂഹം ശക്തമായത്. യുക്രൈന്റെ ഡ്രോണ്‍ ദീര്‍ഘദൂരം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് ബോംബ് വര്‍ഷിച്ചശേഷം സുരക്ഷിതമായി തിരികെയെത്തി എന്ന് ഫോര്‍ബ്‌സ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.