സെലൻസ്കിയുടെ മാപ്പ് അംഗീകരിക്കുമോ ട്രംപ്, അമേരിക്കയുമായി നിർണായക ചർച്ചകൾക്കായി സെലൻസ്കി സൗദിയിൽ, വൻ വരവേൽപ്പ്; മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: അമേരിക്കയുമായി നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചർച്ച നടത്തി. റിയാദിൽ അമേരിക്കയുമായി ചർച്ച നടക്കാനിരിക്കെ സൗദിയിലെത്തിയ സെലൻസ്കിക്ക് ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. സെലന്‍സ്‌കിയുടെ വരവിനോടനുബന്ധിച്ച് ജിദ്ദയിലെ വിമാനത്താവളത്തിനടുത്തുള്ള പ്രധാന പാതകളില്‍ യുക്രൈന്‍, സൗദി പതാകകള്‍ ഉയർത്തിയിരുന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മക്ക പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണറും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സെലന്‍സ്‌കിയെ സ്വീകരിച്ചത്. ശേഷം ജിദ്ദയിൽ യുക്രൈൻ പ്രസിഡന്‍റുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചർച്ച നടത്തുകയായിരുന്നു.

അമേരിക്ക കടുത്ത നിലപാട് സ്വീകരിച്ചതോടെ നിലവിൽ യുക്രൈൻ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് സൗദിയുടെ പൂര്‍ണ പിന്തുണ ജിദ്ദയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കിരീടാവകാശി വാഗ്ദാനം ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ ഉന്നത നയതന്ത്രജ്ഞനുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ച, യുക്രൈനെയും സെലൻസ്കിയേയും സംബന്ധിച്ചടുത്തോളം അതി നിർണായകമാണ്.

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു ശേഷം യുക്രൈനും അമേരിക്കയും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക ചര്‍ച്ചകളാണ് വരും മണിക്കൂറിൽ സൗദിയിൽ നടക്കുക. യുക്രൈനിയന്‍ ധാതുക്കളുടെ വില്‍പ്പനയില്‍ നിന്ന് ഒരു സംയുക്ത ഫണ്ട് സൃഷ്ടിക്കുന്ന യു എസുമായി ധാതു കരാറില്‍ ഒപ്പുവെക്കാന്‍ രാജ്യം തയ്യാറാണെന്ന് സെലന്‍സ്‌കി വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച ജിദ്ദയില്‍ യുക്രൈന്‍ ഉദ്യോഗസ്ഥരും സൗദി, യു എസ് പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുക.

More Stories from this section

family-dental
witywide