
ന്യൂഡൽഹി: താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാനിലെ താലിബാൻ സർക്കാരിൻ്റെ ആദ്യ ഉന്നതതല സംഘം ഇന്ത്യയിലേക്കെത്തുന്നു. അടുത്തയാഴ്ച വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്തഖി ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 10 മുതൽ അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
എന്നാൽ സന്ദർശനത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സന്ദർശനത്തിലൂടെ അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഒരു പുതിയ മാനം നൽകുമെന്നാണ് റിപ്പോർട്ടുകൾ. മെയ് 15 ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുത്തഖിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അതേസമയം, ഇന്ത്യ ഇതുവരെ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല, കാബൂളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർക്കാർ രൂപീകരിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി (യുഎൻഎസ്സി) ഏർപ്പെടുത്തിയ യാത്രാ വിലക്ക് സെപ്റ്റംബർ 30-ന് ഇളവ് നൽകിയതിനെ തുടർന്ന് ഒക്ടോബർ 9 മുതൽ 16 വരെ മുത്തഖിക്ക് ന്യൂഡൽഹി സന്ദർശിക്കാമെന്നും യുഎൻ പ്രസ്താവനയിൽ പറയുന്നു. ഉപരോധത്തെത്തുടർന്ന് കഴിഞ്ഞ മാസം ന്യൂഡൽഹി സന്ദർശിക്കാനിരുന്ന മുത്തഖിയുടെ യാത്ര റദ്ദാക്കിയിരുന്നു. പ്രമുഖ താലിബാൻ നേതാക്കൾക്കെല്ലാം യുഎൻ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് വിദേശയാത്രകൾക്ക് അവർ പ്രത്യേക ഇളവ് നേടേണ്ടതുണ്ട്.