
ഗാസ സിറ്റി : ഗാസ യുദ്ധകാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയതെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ (യുഎന്‍എച്ച്ആര്‍സി) അന്വേഷണ റിപ്പോര്‍ട്ട്. എന്നാലിത് ഇസ്രയേല്‍ നിഷേധിച്ചു.
ഗാസയിലെ വ്യാപകമായ നാശം പരിശോധിച്ച യുഎന്‍ സംഘം, ജനവാസ മേഖലകളിലും ആശുപത്രികളിലും ഇസ്രയേല്‍ മാരകശേഷിയുള്ള ബോംബാക്രമണങ്ങള്‍ നടത്തിയതായി കണ്ടെത്തി. കുട്ടികളും സ്ത്രീകളും വിവരണാതീതമായ ക്രൂരതകള്‍ നേരിട്ടതായും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. തടവുകാര്‍ ബലാത്സംഗത്തിനും ഇരകളായി. യുഎന്‍എച്ച്ആര്‍സി മുന്‍മേധാവിയുടെ നേതൃത്വത്തിലുള്ള കമ്മിഷനാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ഗാസയ്ക്കെതിരായ യുദ്ധത്തില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ നശിപ്പിച്ചും ലൈംഗിക അതിക്രമത്തെ ഒരു യുദ്ധ തന്ത്രമായി ഉപയോഗിച്ചും ഇസ്രായേല്‍ പലസ്തീനികള്‍ക്കെതിരെ ‘വംശഹത്യ പ്രവര്‍ത്തനങ്ങള്‍’ നടത്തിയിട്ടുണ്ടെന്ന് യുഎന്‍ വിദഗ്ധര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
വ്യാഴാഴ്ച, ജനീവ ആസ്ഥാനമായുള്ള ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി, ഗാസയിലെ പ്രധാന ഫെര്‍ട്ടിലിറ്റി കേന്ദ്രത്തെ ഇസ്രായേല്‍ ‘മനപ്പൂര്‍വ്വം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു’ എന്നും, ഗര്‍ഭധാരണം, പ്രസവം, നവജാത ശിശു പരിചരണം എന്നിവയ്ക്കുള്ള മരുന്നുകള്‍ എന്‍ക്ലേവിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുവെന്നും പറഞ്ഞു.
രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ ഇസ്രയേലിനെതിരായ തെളിവായി റിപ്പോര്‍ട്ട് ഉപയോഗിച്ചേക്കാനും സാധ്യതയുണ്ട്.