
പഹൽഗാം ആക്രമണത്തിന് പിന്നാലെ യുദ്ധ സാഹചര്യത്തിലേക്ക് നീങ്ങുന്ന ഇന്ത്യ –പാകിസ്ഥാൻ സംഘർഷത്തിൽ അയവ് വരുത്താൻ ഐക്യരാഷ്ട്ര സഭ ഇടപെടൽ. യുദ്ധം ഒഴിവാക്കാൻ ഇടപെടണമെന്ന പാകിസ്ഥാന്‍റെ അഭ്യർഥനക്ക് പിന്നാലെയാണ് യു എന്നിന്‍റെ ഇടപെടൽ ഇരു രാജ്യങ്ങളോടും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സംസാരിച്ചു. പഹൽഗാം ആക്രമണത്തെ യു എൻ അപലപിക്കയും സംഘർഷത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിക്കയും ചെയ്തു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായി ടെലഫോണിൽ ആയിരുന്നു സംഭാഷണം. നിയമപരമായ മാർഗങ്ങളിലൂടെ ആക്രമണ സംഭവത്തിൽ നീതി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ദുരന്തപൂർണമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഏറ്റുമുട്ടലുകൾ ഒഴിവാക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തി.
“യു.എൻ സെക്രട്ടറി ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞതിൽ യോജിക്കുന്നു. ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്”.- ടെലഫോൺ സംഭാഷണത്തിന് പിന്നാലെ ജയശങ്കർ എക്‌സിൽ പ്രതികരിച്ചു.
യുഎൻ സുരക്ഷാ സമിതി പ്രമേയങ്ങൾക്ക് അനുസൃതമായി ജമ്മു കശ്മീർ തർക്കം പരിഹരിക്കുന്നതിൽ യുഎൻ പങ്ക് വഹിക്കണം. പാകിസ്ഥാൻ സമാധാനത്തിന് പ്രതിജ്ഞാബദ്ധമാണ്.’ എന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും എക്സിൽ അഭ്യർഥിച്ചിരുന്നു. സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിന് തയ്യാറാണെന്നും പാകിസ്ഥാൻ ആവർത്തിച്ചു.