ഗാസ പട്ടിണിയില്‍; വേണ്ടത്ര ഭക്ഷണം ലഭിച്ചില്ലെങ്കില്‍ രണ്ടുദിവസത്തിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂഡല്‍ഹി : യുദ്ധക്കെടുതിയില്‍ തകര്‍ന്ന ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിയില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കുന്നതിന്റെ ഭാഗമായി ഗാസയെ പൂര്‍ണ്ണമായും ഉപരോധിച്ചതിന്റെ 11 ആഴ്ചകള്‍ക്ക് ശേഷം ഇസ്രായേല്‍ അധികൃതര്‍ പരിമിതമായ സഹായം മാത്രമേ പലസ്തീന്‍ പ്രദേശത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നുള്ളൂ. ഇതിനാല്‍ത്തന്നെ ഗാസയില്‍ പട്ടിണി രൂക്ഷമാണ്.

ഇസ്രായേല്‍ ആഴ്ചകളായി നടത്തിയ പൂര്‍ണ്ണ ഉപരോധത്തിന് ശേഷം കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെ മാനുഷിക സഹായങ്ങള്‍ വഹിച്ചുകൊണ്ടുള്ള അഞ്ച് ട്രക്കുകള്‍ മാത്രമാണ് തിങ്കളാഴ്ച ഗാസയില്‍ പ്രവേശിച്ചതെന്ന് യുഎന്‍ മാനുഷിക മേധാവി ടോം ഫ്‌ലെച്ചര്‍ പറഞ്ഞു. ഇത് ‘സമുദ്രത്തിലെ ഒരു തുള്ളി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

തിങ്കളാഴ്ച ബ്രിട്ടണ്‍, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ ഗാസയിലെ ഇസ്രായേലിന്റെ അതിക്രൂരമായ നടപടികളെ അപലപിച്ചിരുന്നു. മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സംയുക്ത നടപടിയെടുക്കുമെന്ന് ഈ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതിന് ശേഷമാണ് യുഎന്‍ ഉദ്യോഗസ്ഥന്റെ പ്രസ്താവന എന്നതും ശ്രദ്ധേയം.

ഗാസയിലേക്കുള്ള സഹായം തടഞ്ഞതിനെയും പലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കുമെന്ന് ഭീഷണിപ്പെടുത്തിയ നെതന്യാഹു സര്‍ക്കാരിലെ മന്ത്രിമാരുടെ അഭിപ്രായങ്ങളെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വിമര്‍ശിച്ചിരുന്നു.

More Stories from this section

family-dental
witywide