
ന്യൂഡല്‍ഹി : ഭാര്യയുടെ പീഡനങ്ങളെ താങ്ങാനാകുന്നില്ലെന്ന് കാട്ടി ഡല്‍ഹിയിലെ കഫെ ഉടമ പൂനീത് ഖുറാന ആത്മഹത്യ ചെയ്തു. മരണത്തിനു മുന്‍പു റെക്കോഡ് ചെയ്ത വിഡിയോയിലാണ്, 40 വയസ്സുകാരനായ പൂനീത് ഖുറാന ഭാര്യക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം മോഡല്‍ ടൗണ്‍ പ്രദേശത്താണു പുനീതിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീഡിയോയില്‍ ഭാര്യ മണിക പഹ്വ പിതാവിനൊപ്പം ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്നും തനിക്ക് നിറവേറ്റാനാകാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചെന്നും പൂനീത് വെളിപ്പെടുത്തിയിട്ടുണ്ട്.
പൂനീതും ഭാര്യയും വിവാഹ മോചന നടപടികളുമായി മുന്നോട്ട് നീങ്ങുകയായിരുന്നു. അതിനിടെ ഭാര്യയുമായും ഭാര്യാപിതാവുമായും കടുത്ത തര്‍ക്കത്തിലേക്കു വഴിമാറിയെന്നാണു പുനീത് പറയുന്നത്. ”എനിക്കു ചെയ്യാന്‍ കഴിയുന്നതിലേറെ നിബന്ധനകളുമായി അവര്‍ സമ്മര്‍ദത്തിലാക്കുന്നു. ഇനിയും 10 ലക്ഷം രൂപ ആവശ്യപ്പെടുകയാണ്, അത് നല്‍കാന്‍ കഴിയില്ല. എന്റെ മാതാപിതാക്കളോട് ആവശ്യപ്പെടാനും കഴിയില്ല. ഭാര്യയും പിതാവും ചേര്‍ന്ന് എന്നെ വളരെയധികം പീഡിപ്പിക്കുന്നു. ഈ സമ്മര്‍ദം താങ്ങാനാവില്ല, ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണ്.” വീഡിയോയില്‍ പൂനീത് പറഞ്ഞു.
പൂനീതിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ മണിക ഹാക്ക് ചെയ്തിരുന്നുവെന്നും വിവരമുണ്ട്. ഡിസംബര്‍ 31ന് വൈകിട്ട് നാലരയോടെയാണ് പൂനീതിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
2016ല്‍ ആണു പൂനീതും മണികയും വിവാഹിതരായത്. പ്രശസ്തമായ വുഡ്‌ബോക്‌സ് കഫെ ഇവരൊമിച്ചു നടത്തിയിരുന്നു. 2 വര്‍ഷത്തിനുള്ളില്‍ ബന്ധം വഷളായി, പരസ്പര സമ്മതത്തോടെ വിവാഹമോചന നടപടികള്‍ തുടങ്ങുകയും ചെയ്തു.
മണിക പഹ്വയും സഹോദരിയും മാതാപിതാക്കളും നിരന്തരം ഉപദ്രവിച്ചതായി പൂനീതിന്റെ കുടുംബവും ആരോപിച്ചു. പ്രശ്നങ്ങള്‍ മകന്‍ ആരുമായും പങ്കുവച്ചിരുന്നില്ലെന്നും ഭാര്യയും കുടുംബവും നിരന്തരം പീഡിപ്പിച്ചെന്നും നീതി വേണമെന്നും പുനീതിന്റെ അമ്മ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.