അപ്രതീക്ഷിത പ്രതിഷേധങ്ങള്‍ക്ക് സാധ്യത; ആരോഗ്യ മന്ത്രിയുടെ വസതിക്കും ഓഫീസിനും കനത്ത പൊലീസ് കാവല്‍

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അപ്രതീക്ഷിത പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആരോഗ്യ മന്ത്രിയുടെ വസതിക്കും ഓഫീസിനും കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അതേസമയം, ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. എല്ലാ മണ്ഡലം കമ്മറ്റികളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനം നടത്താന്‍ കെ പി സി സി ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ, ജൂലൈ 8ന് ജില്ലാ, താലൂക്ക് ആശുപത്രികള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ നടത്തും.

രാവിലെ 11 മണിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തും. ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് രാവിലെ പത്തരയ്ക്ക് ബി ജെ പിയും മാര്‍ച്ച് നടത്തും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുസ്ലിം യൂത്ത് ലീഗും മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തും.