
ഡൽഹി: ചെങ്കോട്ടയ്ക്കു മുന്നിലുണ്ടായ സ്ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. മന്ത്രിസഭാ യോഗം സംഭവത്തെ ശക്തമായി അപലപിച്ചു. ദേശവിരുദ്ധ ശക്തികളുടെ ഹീനമായ പ്രവൃത്തിയാണിതെന്ന് യോഗം വിലയിരുത്തി. ഭീകരാക്രമണത്തെ അപലപിക്കുന്ന പ്രമേയവും മന്ത്രിസഭ പാസാക്കി. ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെയും പിന്നണിയിലുള്ളവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ട് 6.52ന് രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനം ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമായിരുന്നു. ലാൽ ക്വില മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിൽ ഹരിയാന രജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചു. ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
കാർ ഓടിച്ചിരുന്നത് ഡോ. ഉമറാണെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. ഫരീദാബാദിൽനിന്ന് അറസ്റ്റിലായ ഭീകരരുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നാണ് സംശയം. ഉമറിന്റെ അമ്മയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ച് പരിശോധന നടത്തുന്നു. സ്ഫോടനത്തിൽ 12 പേർ മരിച്ചതായി സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പരുക്കേറ്റവരെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ സന്ദർശിച്ചു. ലോകമെമ്പാടുമുള്ള സർക്കാരുകളിൽനിന്നു ലഭിച്ച ഐക്യദാർഢ്യത്തെ മന്ത്രിസഭ അഭിനന്ദിച്ചു. രക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗവും ചേർന്നു.
















