നെഹ്‌റുവിന്‍റെ കത്തുകളിൽ പോര്, സ്വകാര്യ സ്വത്തല്ലെന്നും സോണിയ ഗാന്ധി ആ കത്തുകൾ ഉടൻ തിരികെ നൽകണമെന്നും കേന്ദ്രം

ജവഹർലാൽ നെഹ്‌റുവിന്റെ വ്യക്തിപരമായ കത്തുകളും കുറിപ്പുകളും അടങ്ങിയ രേഖകൾ ഉടൻ മടക്കി നൽകണമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. 2008 ൽ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (നിലവിൽ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി – PMML) നിന്ന് 51 പെട്ടികളിലായി കുടുംബം കൊണ്ടുപോയ രേഖകൾ തിരികെ വേണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഈ രേഖകൾ രാജ്യത്തിന്റെ ചരിത്രപരമായ പൈതൃകമാണെന്നും അവ സ്വകാര്യ സ്വത്തായി കൈവശം വയ്ക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

നെഹ്‌റുവുമായി ബന്ധപ്പെട്ട രേഖകൾ കാണാതായതായി മുൻപ് ഉയർന്ന ആരോപണങ്ങൾ ഷെഖാവത്ത് തള്ളി. രേഖകൾ എവിടെയുണ്ടെന്ന് സർക്കാരിന് വ്യക്തമായ അറിവുള്ളതിനാൽ അവയെ ‘കാണാതായവ’ എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. 2025 ജനുവരി മുതൽ പലതവണ കത്തുകളിലൂടെ ആവശ്യപ്പെട്ടിട്ടും സോണിയ ഗാന്ധി ഇവ തിരികെ നൽകാൻ തയ്യാറായിട്ടില്ലെന്നും, ഈ വൈകലിന് പിന്നിൽ എന്തെങ്കിലും ഒളിക്കാനുണ്ടോ എന്നും അദ്ദേഹം എക്‌സിലൂടെ ചോദിച്ചു. ചരിത്രരേഖകൾ പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ടത് ജനാധിപത്യപരമായ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ പ്രാധാന്യമുള്ള ഇത്തരം ആർക്കൈവുകൾ അടച്ചിട്ട മുറികൾക്കുള്ളിലല്ല, മറിച്ച് പൊതു ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പഠനത്തിനായി മ്യൂസിയത്തിൽ ഉണ്ടാകണമെന്നാണ് സർക്കാരിന്റെ നിലപാട്. മുൻ പ്രധാനമന്ത്രിയുടെ കത്തുകൾ കുടുംബസ്വത്തല്ലെന്നും രാജ്യത്തിന്റെ സ്വത്താണെന്നും കേന്ദ്രം ആവർത്തിച്ചു. ഈ വിഷയത്തിൽ കോൺഗ്രസ് കേന്ദ്രത്തോട് ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രേഖകളുടെ കൃത്യമായ സ്ഥിതിവിവരങ്ങൾ പുറത്തുവിട്ടുകൊണ്ട് സർക്കാർ രംഗത്തെത്തിയത്.

More Stories from this section

family-dental
witywide