
ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് മേല്‍ പരസ്പര തീരുവ ഉള്‍പ്പെടെ ഒരു പ്രത്യേക തീരുവയും അമേരിക്ക ചുമത്തിയിട്ടില്ലെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ വെള്ളിയാഴ്ച പറഞ്ഞു. എന്നാൽ, എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് യാതൊരു ഇളവുകളും കൂടാതെ അമേരിക്ക അധിക തീരുവ ചുമത്തിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. മുന്‍കാല തീരുവകളെ അപേക്ഷിച്ച് വര്‍ദ്ധനവുള്ള പുതിയ തീരുവകളുടെ ആഘാതം സര്‍ക്കാര്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും വാണിജ്യ, വ്യവസായ സഹമന്ത്രി ജിതിന്‍ പ്രസാദ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിനാണ് ജിതിന്‍ പ്രസാദ മറുപടി പറഞ്ഞത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ വര്‍ധനവിനെച്ചൊല്ലി വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് മറുപടി.
‘ഇതുവരെ, ഇന്ത്യയ്ക്ക് മേല്‍ യുഎസ് പരസ്പര തീരുവ ഉള്‍പ്പെടെ പ്രത്യേക രാജ്യാധിഷ്ഠിത തീരുവ ഒന്നും ചുമത്തിയിട്ടില്ല. എന്നാൽ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്ക് യാതൊരു ഇളവും കൂടാതെ യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്. നിലവിലുള്ള അധിക തീരുവകളേക്കാള്‍ വര്‍ദ്ധനവായ ഈ തീരുവകളുടെ ആഘാതം സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നു’ പ്രസാദ കൂട്ടിച്ചേര്‍ത്തു.
ന്യായമായ വ്യാപാര രീതികൾ ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ ഇപ്പോഴും യുഎസുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

‘സാമ്പത്തിക ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് ഇരു രാജ്യങ്ങളും 2025 ഫെബ്രുവരി 13 ന് ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കി. “മിഷൻ 500” -ന് കീഴിൽ 2030 ഓടെ ഇരു രാജ്യങ്ങളും വ്യാപാരം ഇരട്ടിയിലധികം 500 ബില്യൺ ഡോളറായി ഉയർത്താൻ ലക്ഷ്യമിടുന്നതായി പ്രസാദ എടുത്തുപറഞ്ഞു. ഒന്നിലധികം മേഖലകളിലെ വ്യാപാര ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു,’ മന്ത്രി തുടര്‍ന്നു പറഞ്ഞു.
‘പരസ്പരം പ്രയോജനകരമായ, ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്, അതിന്റെ കീഴില്‍ വിപണി പ്രവേശനം വര്‍ദ്ധിപ്പിക്കുക, താരിഫ്, താരിഫ് ഇതര തടസ്സങ്ങള്‍ കുറയ്ക്കുക, വിതരണ ശൃംഖല സംയോജനം വര്‍ദ്ധിപ്പിക്കുക, പ്രധാന വ്യാപാര പ്രശ്‌നങ്ങള്‍ ഉഭയകക്ഷിപരമായി പരിഹരിക്കുക എന്നീ വിഷയങ്ങളില്‍ രാജ്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താരിഫിന്റെ പേരില്‍ ഇന്ത്യയെ നിരന്തരം കുറ്റപ്പെടുത്തുന്ന യുഎസ് പ്രസിഡന്റ് ഡോള്‍ഡ് ട്രംപ് ഇന്ത്യയുമായി തനിക്ക് വളരെ നല്ല ബന്ധമുണ്ടെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഇന്ത്യയുമായുള്ള ഒരേയൊരു പ്രശ്‌നം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ്’ എന്നതാണ് എന്നും അദ്ദേഹം പറയുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏപ്രില്‍ 2 മുതല്‍ തീരുവ വര്‍ദ്ധിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു