
തിരുവനന്തപുരം : കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് വൈകിട്ട് മുനമ്പം സമര പന്തലില്‍ എത്തും. എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ഈ മാസം ഒന്‍പതിന് മുനമ്പത്ത് എത്തും എന്ന് അറിയിച്ചിരുന്നെങ്കിലും നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ ഇന്നത്തേക്ക് സന്ദര്‍ശനം മാറ്റുകയായിരന്നു. മന്ത്രിക്കൊപ്പം ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളും മുനമ്പത്ത് എത്തും.
മുനമ്പം വിഷയത്തില്‍ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും കടുത്ത ആരോപണം ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. അതേസമയം, മുനമ്പം നിവാസികളായ 50 ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇത് ബിജെപിക്ക് അധിക കരുത്താണ്.
11.20 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ മന്ത്രി വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തില്‍ പറമ്പിലുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം അഞ്ചുമണിയോടെയായിരിക്കും മുനമ്പം സമരപ്പന്തലില്‍ മന്ത്രി എത്തുക.