ന്യൂഡൽഹി: വ്യാപാര കരാറിൽ ഒപ്പുവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. അമേരിക്കയുമായി ചർച്ചകൾ നടത്തുന്നുണ്ട്, എന്നാൽ തിടുക്കത്തിലോ സമയപരിധി വച്ചോ ഭീഷണിക്ക് വഴങ്ങിയോ കരാറുകളിൽ ഏർപ്പെടില്ലെന്ന് ഔദ്യോഗിക സന്ദർശനത്തിനിടെ വെള്ളിയാഴ്ച ബെർലിൻ ഗ്ലോബൽ ഡയലോഗിൽ സംസാരിക്കവെ പീയുഷ് ഗോയൽ പറഞ്ഞു.
വ്യാപാര ചർച്ചകൾ സമയപരിധികളെയും തീരുവകളെയും ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് മോഡറേറ്റർ പറഞ്ഞപ്പോൾ ഇന്ത്യയുടെ സമീപനം താൽക്കാലിക സമ്മർദ്ദങ്ങളിലല്ല, ദീർഘകാല കാഴ്‌ചപ്പാടുകളിലാണ് അധിഷ്ഠിതമെന്ന് ഗോയൽ പറഞ്ഞു. ഞങ്ങൾക്ക് മേൽ തീരുവ ചുമത്തിയാൽ ഞങ്ങൾ അത് അംഗീകരിക്കും. അതിനെ എങ്ങനെ മറികടക്കാമെന്ന് ഞങ്ങൾ നോക്കുകയാണ്, ഞങ്ങൾ പുതിയ വിപണികൾ തിരയുകയാണ്, ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കുള്ളിൽ ശക്തമായ ഡിമാൻഡ് വർധിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് തീരുവകൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന വ്യാപാരക്കരാർ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യയും യുഎസും ചർച്ചകൾ നടത്തുന്നതിനിടെയാണ് ഈ പ്രസ്താവന. റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ തുടരുന്നതുമായി ബന്ധപ്പെടുത്തി ചുമത്തിയ 25 ശതമാനം അധിക തീരുവ ഉൾപ്പെടെ, ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നിലവിൽ 50 ശതമാനമാണ് യുഎസ് ചുമത്തിയ തീരുവ.
Union Minister Piyush Goyal says India will not bow to Trump’s pressure on trade deal









