
തൃശൂര്‍ : മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ടു കന്യാസ്ത്രീകളിലൊരാളായ സിസ്റ്റര്‍ പ്രീതി മേരിയുടെ അങ്കമാലിയിലുള്ള വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇവിടെയുള്ള സിസ്റ്റര്‍ പ്രീതി മേരിയുടെ മാതാപിതാക്കളോടും സഹോദരനോടും ആശയ വിനിമയം നടത്തി.
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് ഒമ്പതാം ദിവസമാണ് ജാമ്യം ലഭിച്ച് ജയില്‍ മോചിതരായത്. വിഷയത്തില്‍ സുരേഷ് ഗോപി പ്രതികരിക്കുകയോ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയോ ചെയ്യാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇത് ബിജെപിക്കും തലവേദന സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് സുരേഷ് ഗോപി സിസ്റ്റര്‍ പ്രീതി മേരിയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടത്.
ആഗ്രയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീകള്‍ വീട്ടുജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെണ്‍കുട്ടികളിലൊരാളുടെ കുടുംബവും സ്റ്റേഷനിലെത്തിയിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.
ജാമ്യം ലഭിച്ചെങ്കിലും കന്യാസ്ത്രീ ഇപ്പോഴും ഛത്തീസ്ഗഢില്‍ തുടരുകയാണ്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തില്‍ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി മേരിയും തലശ്ശേരി സ്വദേശി സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും ജൂലായ് 25നാണ് അറസ്റ്റിലായത്.