വാഷിംഗ്ടൺ ഡി.സി.യിലെ ഡാളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന് എഞ്ചിൻ തകരാർ ഉണ്ടായതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അറിയിച്ചു. തുടർന്ന് വിമാനം സുരക്ഷിതമായി ഡാളസ് വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് ടോക്യോയിലേക്ക് പോകുകയായിരുന്ന യുണൈറ്റഡ് ഫ്ലൈറ്റ് 803-നാണ് എഞ്ചിൻ തകരാർ ഉണ്ടായത്. ബോയിങ് 777-200 മോഡൽ വിമാനമാണ് ഉച്ചയ്ക്ക് ഏകദേശം 1.20ന് വിമാനത്താവളത്തിൽ തന്നെ തിരിച്ചിറങ്ങിയത്.
ഗതാഗത സെക്രട്ടറി ഷോൺ ഡഫിയും ഡാസ് വിമാനത്താവള വക്താവും അറിയിച്ചതനുസരിച്ച്, എഞ്ചിൻ കവർ ഭാഗം വേർപിരിഞ്ഞ് തീപിടിക്കുകയും ഇതുമൂലം നിലത്ത് ചെറുതായി തീപിടുത്തം ഉണ്ടാകുകയും ചെയ്തു. സംഭവം ഉച്ചയ്ക്ക് ഏകദേശം 12.20നാണ് ഉണ്ടായത്. പിന്നീട് തീ അണച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് FAA അറിയിച്ചു.
വിമാനത്തിൽ 275 യാത്രക്കാരും 15 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു. സംഭവസമയത്ത് റൺവേയിൽ ഉണ്ടായ തീ അണക്കാൻ അഗ്നിശമന സേനയെ വിളിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് വിമാനത്തിന്റെ എഞ്ചിൻ തകരാറുമായി നേരിട്ട് ബന്ധപ്പെട്ടതാണോ എന്ന് വ്യക്തമല്ല. ഇവരെ മറ്റൊരു വിമാനത്തിൽ ഈ സർവീസ് പിന്നീട് നടത്തുമെന്ന് യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു.
United Airlines plane lands safely at Dulles airport after engine failure during takeoff












