ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്, രണ്ട് കിലോ സ്വര്‍ണം കൈക്കലാക്കി; കോടതിയില്‍ നിന്ന് ഇറക്കവെ ചെരുപ്പേറ്

ശബരിമലയിലെ സ്വർണക്കവർച്ച കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഏകദേശം രണ്ട് കിലോഗ്രാം സ്വർണം കൈവശപ്പെടുത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിമാൻഡ് റിപ്പോർട്ട് വെളിപ്പെടുത്തി. ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളികളിലും ഘടിപ്പിച്ചിരുന്ന സ്വർണം പതിച്ച ചെമ്പ് തകിടുകൾ അറ്റകുറ്റപ്പണി എന്ന വ്യാജേനെ വിശ്വാസവഞ്ചന നടത്തി കൊണ്ടുപോയെന്നാണ് ആരോപണം. നിയമലംഘനങ്ങൾക്കൊപ്പം സ്വർണം ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെത്തിച്ച് വിൽപന നടത്തി. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ 394 ഗ്രാം സ്വർണം മാത്രം പൂശി ബാക്കി കൈക്കലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നഷ്ടം വരുത്തി. കൈവശപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ശില്പങ്ങളും തകിടുകളും ചെന്നൈ, ബെംഗളൂരു, കേരളത്തിലെ വീടുകളിലും ക്ഷേത്രങ്ങളിലും സുരക്ഷിതമല്ലാതെ എത്തിച്ച് പൂജ നടത്തിയതായി റിപ്പോർട്ടിലുണ്ട്. ഇതോടെ ദേവസ്വം ബോർഡിന് അന്യായമായ സാമ്പത്തിക നഷ്ടമുണ്ടായി. രഹസ്യമായി നടന്ന കോടതി നടപടികളിൽ റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉണ്ണികൃഷ്ണനെ ഈ മാസം 30 വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. മജിസ്ട്രേറ്റ്, പ്രതി, പ്രോസിക്യൂഷൻ, പ്രതിഭാഗം അഭിഭാഷകൻ, അന്വേഷണ ഉദ്യോഗസ്ഥർ, കോടതി ജീവനക്കാർ എന്നിവർ മാത്രമാണ് ഹാജരാകാൻ അനുവദിച്ചത്. മാധ്യമപ്രവർത്തകരെയും പൊതുജനങ്ങളെയും പുറത്താക്കി.

കോടതിയിൽ നിന്നിറങ്ങുന്നതിനിടെ ബിജെപി ഭാരവാഹിയായ സിനു എസ് പണിക്കർ ഉണ്ണികൃഷ്ണന് നേരെ ചെരിപ്പേറിഞ്ഞു. അഭിഭാഷകൻ ലെവിൻ തോമസ് പ്രതിക്ക് വേണ്ടി ഹാജരായി. എസ്ഐടിയുടെ ആവശ്യപ്രകാരം കോടതി നടപടികൾ രഹസ്യമാക്കിയിരുന്നു. കേസിലെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി അറിയുന്നു. അന്വേഷണം തുടരുന്നതിനിടെ സ്വർണം പൂർണമായി വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide