
ധാക്ക: 2024 ലെ ജനാധിപത്യ പ്രക്ഷോഭത്തിലെ പ്രമുഖ യുവ നേതാവായ ഷെരീഫ് ഉസ്മാൻ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെ ബംഗ്ലാദേശിൽ പ്രതിഷേധം ഇരമ്പുന്നു. ഡിസംബർ 12 ന് വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം ചികിത്സയിലിരിക്കെ ഇന്നലെ സിംഗപ്പൂർ ആശുപത്രിയിൽ മരിച്ച ഹാദിക്ക് നീതി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ വ്യാഴാഴ്ച വൈകിയും വെള്ളിയാഴ്ച പുലർച്ചെയും ധാക്കയിലെ തെരുവിലിറങ്ങി.
ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ പറഞ്ഞ് കുപ്രസിദ്ധനായ ബംഗ്ലാദേശിൻ്റെ യുവനേതാവായിരുന്നു നേതാവ് ഷെരീഫ് ഉസ്മാൻ ഹാദി. ഇങ്കുലാബ് മഞ്ചിന്റെ ഉന്നത നേതാവായിരുന്ന ഇദ്ദേഹം ധാക്ക-8 നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ടായിരുന്നു. ഷെയ്ഖ് ഹസീനക്കെതിരായ തെരുവ് മുന്നേറ്റത്തിലെ പ്രധാന നേതാവായിരുന്നു ഇയാൾ.
ഉസ്മാൻ ഹാദി ഒരു റിക്ഷയിൽ ബിജോയ്നഗറിലേക്ക് പോകുമ്പോൾ മോട്ടോർ സൈക്കിളിലെത്തിയ ഹെൽമെറ്റ് ധരിച്ച രണ്ട് പേർ ബൈത്തുസ് സലാം ജാം പള്ളിക്ക് മുന്നിൽ വെച്ച് അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയും തുടർന്ന് ഓടി രക്ഷപ്പെടുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഈ സംഭവത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന തരത്തിൽ ചില തെറ്റായ പ്രസ്താവനകൾ വന്നതോടെ ഇന്ത്യക്കെതിരെ പ്രതിഷേധം ഇരമ്പുകയായിരുന്നു. എന്നാൽ തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പ്രതികരിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്ന ഇന്ത്യ, അവിടെ നടക്കുന്ന സംഭവവികാസങ്ങളിൽ തീവ്രവാദ ശക്തികൾ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞു. സംഭവങ്ങളിൽ കൃത്യമായ അന്വേഷണം നടത്താൻ ബംഗ്ലാദേശ് സർക്കാർ തയ്യാറാകാത്തതിലും ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിലെ ഇന്ത്യൻ ദൗത്യങ്ങൾക്ക് നേരെ തീവ്രവാദ സംഘടനകൾ അക്രമത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച ബംഗ്ലാദേശ് സ്ഥാനപതി റിയാസ് ഹമീദുള്ളയെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
ധാക്കയിൽ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പ്രകടനങ്ങൾ വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളിലേക്ക് പ്രതിഷേധവുമായി എത്തുകയും മുൻ ഭരണകക്ഷിയായ അവാമി ലീഗുമായി ബന്ധപ്പെട്ട സ്വത്തുക്കൾ ആക്രമിക്കുകയും ചെയ്തു. ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിന് സമീപം കല്ലെറിഞ്ഞ സംഭവമുണ്ടായി.
ബുധനാഴ്ച ധാക്കയിൽ, ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ വസതി ഉൾപ്പെടെ ഇന്ത്യൻ നയതന്ത്ര കേന്ദ്ര പരിസരത്തിന് പുറത്ത് നൂറുകണക്കിന് പ്രകടനക്കാർ ഒത്തുകൂടാൻ ശ്രമിച്ചതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നു.
കഴിഞ്ഞ വർഷത്തെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ സ്റ്റുഡന്റ്സ് എഗെയിൻസ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്എഡി) യുടെ പ്രധാന വിഭാഗമായ നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) അംഗങ്ങൾ പ്രകടനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഇവർ, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ഹാദിയുടെ കൊലപാതകികൾ കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്തതായി ആരോപിക്കുകയും ചെയ്തു. മാത്രമല്ല, പ്രതികളെ തിരികെ കൊണ്ടുവരുന്നതുവരെ ഇന്ത്യൻ ഹൈക്കമ്മീഷൻ അടച്ചുപൂട്ടണമെന്ന് പ്രതിഷേധ നേതാക്കൾ ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടു.
Unrest in Bangladesh: Anti-India protests erupt after Sharif Osman Hadi’s death.













