ആഗോള അയ്യപ്പ സംഗമത്തിന് യുപി മുഖ്യമന്ത്രി യോഗിയുടെ പിന്തുണ, ആശംസ അറിയിച്ച് കത്തയച്ചു; വേദിയിൽ വായിച്ച് ദേവസ്വം മന്ത്രി വാസവൻ

ആഗോള അയ്യപ്പ സംഗമത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്തുണയും ആശംസയും അറിയിച്ചു. ദേവസ്വം മന്ത്രി വി.എൻ. വാസവന് അയച്ച കത്തിൽ, ശബരിമലയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ഈ സംഗമം വിജയകരമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. “വി.എൻ. വാസവൻ ജി” എന്ന് അഭിസംബോധന ചെയ്ത കത്തിൽ, സംഗമത്തിൽ പങ്കെടുക്കാനുള്ള ക്ഷണത്തിന് നന്ദി രേഖപ്പെടുത്തിയ യോഗി, ഭഗവാൻ അയ്യപ്പൻ ധർമത്തിന്റെ ദിവ്യസംരക്ഷകനാണെന്നും, ഈ സമ്മേളനം സാത്വിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഐക്യം ശക്തിപ്പെടുത്തുന്നതിനും പ്രധാന പങ്കുവഹിക്കുമെന്നും കുറിച്ചു. കത്ത് ദേവസ്വം മന്ത്രി വാസവൻ വേദിയിൽ വായിക്കുകയും ചെയ്തു.

“ധർമജീവിതത്തിന്റെ പാതയെ പ്രകാശിപ്പിക്കാനും, സാത്വിക മൂല്യങ്ങൾ സംരക്ഷിക്കാനും അയ്യപ്പ ആരാധന ഭക്തരെ പ്രചോദിപ്പിക്കുന്നു. പൗരാണിക ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് ഐക്യവും സൗഹാർദവും വളർത്തുന്നതിന് അനിവാര്യമാണ്. ഈ ദർശനത്തിൽ, ആഗോള അയ്യപ്പ സംഗമത്തിന് വലിയ പ്രാധാന്യമുണ്ട്,” യോഗി ആദിത്യനാഥ് കത്തിൽ വ്യക്തമാക്കി. ഈ സംഗമം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിജയിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പമ്പാ തീരത്ത് ആഗോള അയ്യപ്പ സംഗമത്തിന് ഉജ്ജ്വലമായ തുടക്കമായി. തന്ത്രി കണ്ഠരര് മഹേഷ് മോഹനൻ അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ തിരി തെളിയിച്ചതോടെ സംഗമം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ. വാസവൻ, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, വീണാ ജോർജ്, തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു, ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ, വെള്ളാപ്പള്ളി നടേശൻ, കൈതപ്രം തുടങ്ങിയ പ്രമുഖ രാഷ്ട്രീയ, സാമൂഹിക നേതാക്കൾ വേദിയിൽ സാന്നിധ്യം അറിയിച്ചു.

Also Read

More Stories from this section

family-dental
witywide