
പാസ്വേഡ് അപ്ഡേറ്റ് ചെയ്യാന്‍ മടിയുള്ളവരാണെങ്കിലും ഗൂഗിളിന്റെ ഈ നിര്‍ദേശം കണ്ടില്ലാന്ന് നടിക്കല്ലേ…പണി കിട്ടും. ഒട്ടുമിക്ക ജിമെയില്‍ ഉപയോക്താക്കളും പാസ്വേഡ് എത്രയും പെട്ടെന്ന് മാറ്റി പെട്ടെന്ന് കണ്ടുപിടിക്കാന്‍ പറ്റാത്ത ഒന്നാക്കി മാറ്റണമെന്നാണ് നിര്‍ദേശം. ലളിതമായ പാസ്വേഡുകളുള്ള ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് പതിവായതോടെയാണ് പാസ്വേഡുകള്‍ കരുത്തുറ്റതാക്കണമെന്ന നിര്‍ദേശം ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.
ജിമെയില്‍ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പാസ്വേഡുകള്‍ക്ക് പകരം പാസ്‌കീകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണമെന്നും ഗൂഗിള്‍ പറയുന്നു. എഐ വഴിയുള്ള സൈബര്‍ ആക്രമണ ഭീതിയുള്ളതിനാല്‍ അടുത്തിടെ 180 കോടിയോളം ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ഒരു സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സൈബര്‍ ഭീഷണി വ്യക്തികളെയും ബിസിനസുകളെയും സര്‍ക്കാരുകളെയും ഒരുപോലെ അപകടത്തിലാക്കുന്നതാണെന്ന് ഗൂഗിള്‍ എടുത്തുപറഞ്ഞിരുന്നു. ഗൂഗിള്‍ സപ്പോര്‍ട്ട് സ്റ്റാഫ് എന്ന വ്യാജേന സൈബര്‍ തട്ടിപ്പുകാര്‍ ഇമെയിലുകളിലൂടെയും കോളുകളിലൂടെയും അക്കൗണ്ട് ഉടമകളെ ലക്ഷ്യമിടുന്നുണ്ട്.
എസ്എംഎസ് വഴിയല്ലാത്ത ടു-ഫാക്ടര്‍ ഒതന്റിക്കേഷനും, പാസ്‌കീകള്‍ സൃഷ്ടിച്ച് കൂടുതല്‍ സുരക്ഷയോടെയുള്ള ലോഗിന്‍ രീതിയും ഉപയോഗിക്കണം. ഒന്നിലേറെ അക്കൗണ്ടുകളിലും വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിലും ഒരേ പാസ്വേഡ് ഉപയോഗിക്കുന്നത് ഹാക്കര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. അതിനാല്‍ അതെല്ലാം റീ സെറ്റ് ചെയ്യുന്നതാണ് ഉചിതം.