
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ വർധിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചറിവിനുള്ള സമയമാണെന്നും സുസ്ഥിരമായ ദീർഘകാല വളർച്ച ലക്ഷ്യമിട്ടുള്ള ശക്തമായ പരിഷ്‌കരണം വേണമെന്നും അമിതാഭ് കാന്ത് തൻ്റെ എക്‌സ് പോസ്റ്റിൽ കുറിച്ചു.
റഷ്യയിൽ നിന്നുള്ള ക്രൂഡോയിലിന്റെ പേരിൽ മാത്രമുള്ളതല്ല ഇന്ത്യയ്ക്കെതിരെ ചുമത്തിയിരിക്കുന്ന നികുതി. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെയും തന്ത്രപരമായ സ്വയംഭരണത്തിനുമെതിരായ നീക്കമാണിത്. വിരോധാഭാസമെന്തെന്നാൽ, റഷ്യയും ചൈനയുമായി യുഎസ് നീക്കുപോക്കുകൾ നടത്തുന്നു. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡോയിൽ വാങ്ങുന്ന രാജ്യമാണ് ചൈന. എന്നിട്ടും അവരെ ഒഴിവാക്കി, ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നു. അതുകൊണ്ട് ഒരുകാര്യം വ്യക്തമാണ്, ഇത് റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും അമിതാഭാ കാന്ത് തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു.