
തിരുവനന്തപുരം: റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യന്നുവെന്ന് കാട്ടി യുഎസ് ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ അധിക തീരുവ കാരണം കേരളത്തിന് നഷ്ടം 4500 കോടിയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ . കേന്ദ്ര നയങ്ങളാല്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിന്റെ വരുമാനമേഖലയ്ക്ക് യു എസ് പ്രതികാരച്ചുങ്കം കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവെയാണ് ബാലഗോപാല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
സമുദ്രോല്‍പ്പന്നം, സുഗന്ധ വ്യഞ്ജനം, കശുവണ്ടി, കയര്‍, തേയില തുടങ്ങിയ എല്ലാമേഖലയേയും ബാധിക്കുമെന്നും തൊഴില്‍നഷ്ടം വരുമെന്നും ഇതെല്ലാം കേന്ദ്ര ധനമന്ത്രിയെയും 16ാം ധനകമീഷനെയും ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി, പൊതുകടം വാങ്ങുന്നതിലെ പരിധി, തനത് നികുതി വരുമാനം ഉയര്‍ത്തല്‍ സാധ്യതകളുടെ കുറവ് എന്നിവയാല്‍ ഇപ്പോള്‍തന്നെ പ്രയാസത്തിലാണെന്നും മന്ത്രി പിപി ചിത്തരഞ്ജന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി ധനമന്ത്രി ചൂണ്ടിക്കാട്ടി.
കയറ്റുമതി മേഖലയില്‍ 2500 മുതല്‍ 4500 കോടി രൂപവരെ വാര്‍ഷിക വരുമാനനഷ്ടം വരുമെന്നാണ് വിലയിരുത്തലെന്നും അമേരിക്കയിലേക്കുള്ള കയറ്റുമതി ഓര്‍ഡര്‍ കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അമേരിക്കയില്‍ നിന്നുള്ള ഓര്‍ഡര്‍ റദ്ദാക്കല്‍, കോള്‍ഡ് സ്റ്റോറേജുകളിലെ സ്റ്റോക്ക് കുമിഞ്ഞുകൂടല്‍, സംസ്‌കരണ സംവിധാനങ്ങളുടെ ഉപയോഗനിരക്ക് എന്നിവ കാര്യമായ പ്രശ്നങ്ങളിലേക്ക് നീങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















