കരീബിയൻ കടലിലെ മറ്റൊരു മയക്കുമരുന്ന് കടത്തൽ ബോട്ടിനെ ലക്ഷ്യമിട്ട് യുഎസ് സേന നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സെപ്റ്റംബറിൽ ആരംഭിച്ച ഈ വിവാദമായ മയക്കുമരുന്ന് വിരുദ്ധ നീക്കത്തിൽ ഇതുവരെ കുറഞ്ഞത് 70 പേർ മരിച്ചുവെന്ന് പെന്റഗൺ മേധാവി പീറ്റ്ഹെഗ്‌സെത്ത് പറഞ്ഞു.
എന്നാൽ ഇതിനോടകം 18 കപ്പലുകൾ ( 17 ബോട്ടുകളും ഒരു നാർക്കോ സബും) യു എസ് നശിപ്പിച്ചിട്ടുണ്ടെങ്കിലും, ലക്ഷ്യംവച്ച കപ്പലുകൾ മയക്കുമരുന്ന് കടത്തിയെന്ന വ്യക്തമായ തെളിവ് വാഷിംഗ്ടൺ പുറത്തുവിട്ടിട്ടില്ല.
ഹെഗ്‌സെത്ത് പ്രസിദ്ധീകരിച്ച ദൃശ്യങ്ങളിൽ, സമുദ്രത്തിൽ സഞ്ചരിച്ചിരുന്ന ബോട്ട് തീപിടിച്ച് പൊട്ടിത്തെറിക്കുന്നതായി കാണാം. വാഹനത്തിലുണ്ടായിരുന്ന മൂന്ന് നാർക്കോ ഭീകരർ കൊല്ലപ്പെട്ടു എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.
ട്രംപ് ഭരണകൂടം ലാറ്റിൻ അമേരിക്കയിൽ മയക്കുമരുന്ന് കടത്ത് തടയാൻ വലിയ സൈനിക ശക്തി വിന്യസിച്ചിരിക്കുകയാണ്. ഇതിൽ കരീബിയൻ കടലിൽ ആറു നാവിക കപ്പലുകൾ, പ്യൂർട്ടോ റിക്കോയിലേക്ക് F-35 യുദ്ധവിമാനങ്ങൾ, യുഎസ് എയർക്രാഫ്റ്റ് കേരിയർ തുടങ്ങിയവയും ഉൾപ്പെടുന്നു.
അതേസമയം, ആക്രമണങ്ങളിൽ മരിച്ചവരിൽ പലരും സാധാരണ മത്സ്യത്തൊഴിലാളികളാണെന്ന് ഇരകളുടെ കുടുംബങ്ങൾ ആരോപിച്ചു. അമേരിക്കയുടെ ഈ നീക്കങ്ങൾ തന്റെ ഭരണകൂടത്തെ അട്ടിമറിക്കാൻ ഉള്ള ശ്രമമാണെന്ന് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ ആരോപിച്ചു. ഈ കൊലപാതക നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് യുഎസിനോട് യുഎന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
US again against drug trafficking in the Caribbean; 70 people have died so far, Venezuelan President says it is an attempt to overthrow his government














