അമേരിക്കൻ-ചൈനീസ് പ്രതിനിധി സംഘങ്ങളുടെ കൂടിക്കാഴ്ചയിൽ പ്രതീക്ഷ, ട്രംപ്-ഷി ചർച്ചക്ക് വഴി തെളിയുന്നു, ടിക്ടോക് വിൽപ്പനക്കും

മാഡ്രിഡ്: ടിക് ടോക്കിന്റെ വിൽപ്പന, ഉഭയകക്ഷി വ്യാപാരം, മറ്റ് സാമ്പത്തിക വിഷയങ്ങൾ എന്നിവ ചർച്ച ചെയ്ത് അമേരിക്കൻ-ചൈനീസ് പ്രതിനിധി സംഘങ്ങൾ കൂടിക്കാഴ്ച നടത്തി. ഒക്ടോബറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള സമ്മേളനത്തിന് വഴിയൊരുക്കാനാണ് ഈ ചർച്ചയെന്ന് റിപ്പോർട്ടുകൾ. യുഎസ് ധനകാര്യ സെക്രട്ടറി സ്കോട്ട് ബെസെന്റും വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും നയിച്ച അമേരിക്കൻ സംഘവും, ചൈനീസ് ഉപപ്രധാനമന്ത്രി ഹെ ലിഫെങ് നയിച്ച ചൈനീസ് സംഘവുമാണ് പങ്കെടുത്തത്. ചർച്ച ആറ് മണിക്കൂറിലധികം നീണ്ടതായി ബ്ലൂംബെർഗ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ചർച്ചകൾ ഇന്നും തുടരുമെന്ന് യോഗത്തിന് ശേഷം സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ദേശീയ സുരക്ഷാ പ്രശ്നങ്ങൾ, ബൈറ്റ്ഡാൻസിന്റെ ടിക് ടോക്കിന്റെ നിലവിലെ സ്ഥിതി എന്നിവ അജണ്ടയിൽ ഉൾപ്പെട്ടു. യുഎസിൽ പ്രവർത്തനം തുടരാൻ ടിക് ടോക്കിന് ഈ ആഴ്ചയ്ക്കുള്ളിൽ കരാറിലെത്താൻ ഇളവ് നൽകിയിട്ടുണ്ട്. സെപ്റ്റംബർ 17-ന് കരാർ പുതുക്കൽ സമയപരിധി അവസാനിക്കുമെങ്കിലും, മാഡ്രിഡിലെ ചർച്ചകളെത്തുടർന്ന് ഇത് നീട്ടാനുള്ള തീരുമാനം ട്രംപ് ഭരണകൂടം എടുത്തതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ ഏകദേശം 17 കോടി ഉപയോക്താക്കൾ ടിക് ടോക്ക് ഉപയോഗിച്ചിരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഒക്ടോബറോടെ ട്രംപും ഷിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മാഡ്രിഡിലെ ഉദ്യോഗസ്ഥതല ചർച്ചകൾ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഒക്ടോബറിൽ ദക്ഷിണ കൊറിയയിൽ നടക്കുന്ന അപെക് ഉച്ചകോടിയിൽ ഇരു നേതാക്കളും പങ്കെടുക്കുന്നുണ്ട്. ഇത് ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സഹായകമാകുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

More Stories from this section

family-dental
witywide