
തെഹ്റാൻ: ഇറാൻ- ഇസ്രയേൽ സംഘർഷത്തിനിടെ അമേരിക്ക ഇറാൻ്റെ മൂന്ന് ആണവകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ബോംബാക്രമണത്തിൽ ഫൊർദോ ആണവ കേന്ദ്രത്തിന് ഗുരുതരമായതും കനത്തതുമായ നാശനഷ്‌ടങ്ങൾ സംഭവിച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അരാഗ്‌ചിയുടെ വെളിപ്പെടുത്തൽ.
അമേരിക്കയുടെ ആക്രമണത്തിൽ ഫൊർദോയിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും കൃത്യമായി അറിയില്ല. ഗുരുതരമായ കനത്ത നാശനഷ്‌ടങ്ങളുമുണ്ടായിട്ടുണ്ടെന്ന് മാത്രം ഞങ്ങൾക്ക് അറിയാം. നിലവിൽ ഇറാനിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്നും അതിൻ്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും അഭിമുഖത്തിൽ അരാഗ്‌ചി പറയുന്നു.അതേസമയം, ആണവ ചർച്ച പുനരാരംഭിക്കാമെന്ന് ആർക്കും ഉറപ്പുകൊടുത്തിട്ടില്ല. ഈ വിഷയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഇറാന്റെ ഔദ്യോഗിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി.
അമേരിക്കക്കാരിൽനിന്ന് ഞങ്ങൾക്ക് പ്രയാസകരമായ അനുഭവമാണുണ്ടായത്. ചർച്ചകൾക്കിടെ അവർ വഞ്ചിച്ചു. ഈ അനുഭവം ഞങ്ങളുടെ ഭാവി തീരുമാനങ്ങളെയും ബാധിക്കും. പക്ഷേ, ആ തീരുമാനം ഇറാനിയൻ ജനതയുടെ ക്ഷേമത്തെ അടിസ്ഥാനമാക്കിയുള്ളതാകുമെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. ജൂൺ 13-ന് ഇസ്രയേൽ ഇറാനുനേരേ സൈനികനടപടി ആരംഭിച്ചതിനു പിന്നാലെ യുഎസുമായുള്ള ആണവ ചർച്ചയിൽനിന്ന് ഇറാൻ പിന്മാറിയിരുന്നു.
എന്നാൽ, ആണവനിർവ്യാപന കരാർ ഉണ്ടാക്കാനുള്ള യുഎസ്-ഇറാൻ ചർച്ച അടുത്തയാഴ്ച പുനരാരംഭിക്കാൻ ഇടയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയുമായുള്ള ആണവചർച്ച ഇറാൻ പുനരാരംഭിക്കാൻ യാതൊരു പദ്ധതിയില്ലെന്നും ചർച്ചകൾ പുനരാരംഭിക്കുന്നതിന് ഒരു കരാറോ ക്രമീകരണങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി നിലപാടറിയിച്ചത്.
ഇറാൻ്റെ ആണവ പദ്ധതിയെ പൂർണ്ണമായും ഇല്ലാതാക്കി എന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നത്. കൂടാതെ ഇറാന്റെ ആണവ കേന്ദ്രത്തിൽ യുഎസ് നടത്തിയ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്‌തി ഇറാൻ കുറച്ചുകാണിച്ചുവെന്നാണ് യുഎസ് വൃത്തങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.