കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് വളയുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ സംഘടന; കോൺസുലേറ്റിൽ വരാൻ ഉദ്ദേശിക്കുന്നവർ മറ്റൊരു ദിവസം തെരഞ്ഞെടുക്കണം

ഒട്ടാവ: കാനഡയിൽ വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് വളയുമെന്ന ഭീഷണിയുമായി യുഎസ് ആസ്ഥാനമായുള്ള ഖലിസ്ഥാൻ സംഘടന സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ). ഇന്ത്യൻ കോൺസുലേറ്റിന്റെ നിയന്ത്രണം വ്യാഴാഴ്ച ഏറ്റെടുക്കുമെന്നും കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാർ ആവശ്യങ്ങൾക്കായി കോൺസുലേറ്റിൽ വരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മറ്റൊരു ദിവസം തിരഞ്ഞെടുക്കണമെന്നും ഖലിസ്ഥാൻ അനുകൂല സംഘടന ആവശ്യപ്പെട്ടു.

പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനിഷ് പട്നായിക്കിൻ്റെ മുഖത്ത് ലക്ഷ്യചിഹ്നം പതിച്ചുകൊണ്ടുള്ള ഒരു പോസ്റ്ററും അവർ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയും കാനഡയും നയതന്ത്രബന്ധം പുനരാരംഭിച്ചതിനു പിന്നാലെയാണ് സംഘടനയുടെ ഈ പുതിയ നീക്കം.

ഇന്ത്യൻ കോൺസുലേറ്റുകൾ ഖലിസ്ഥാനികളെ ലക്ഷ്യമിട്ട് ചാരവൃത്തിയും നിരീക്ഷണവും നടത്തുകയാണെന്ന് സംഘടന പ്രസ്താവനയിൽ ആരോപിച്ചു. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് രണ്ടുവർഷം മുൻപ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞിരുന്നു. രണ്ടുവർഷം കഴിഞ്ഞിട്ടും ഖലിസ്ഥാൻ ജനഹിതപരിശോധന പ്രചാരകരെ ലക്ഷ്യമിട്ട് ഇന്ത്യൻ കോൺസുലേറ്റുകൾ ചാരവൃത്തിയും നിരീക്ഷണവും തുടരുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ഖലിസ്ഥാൻ ജനഹിതപരിശോധനാ പ്രചാരണത്തിന്റെ നേതൃത്വം നിജ്ജാറിന്റെ മരണശേഷം ഏറ്റെടുത്ത ഇന്ദർജീത് സിങ്ങിന് ഗോസലിന് സംരക്ഷണം നൽകാൻ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) നിർബന്ധിതായ സാഹചര്യത്തിലേക്കെത്തുന്ന തരത്തിലുള്ള ഗുരുതരഭീഷണി തങ്ങൾക്കെതിരെ നിലനിന്നിരുന്നു. കാനഡയിൽ നടക്കുന്ന ചാരവൃത്തിക്കും ഭീഷണിപ്പെടുത്തലിനും ഔദ്യോഗിക പ്രതികരണം തേടുമെന്നും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആവശ്യപ്പെടുമെന്നും സംഘം ആരോപിച്ചു.

അതേസമയം, കനേഡിയൻ ഭരണകൂടം ഒരു ആഭ്യന്തര റിപ്പോർട്ടിൽ ഖലിസ്ഥാൻ സംഘടനകൾക്ക് കാനഡ ആസ്ഥാനമായുള്ള വ്യക്തികളിൽനിന്നും ശൃംഖലകളിൽനിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കാനഡയുടെ ക്രിമിനൽ നിയമപ്രകാരം ഭീകരസംഘടനകളായി വിലയിരുത്തിയിട്ടുള്ള ബബ്ബർ ഖൽസ ഇൻ്റർനാഷണൽ, ഇന്റർനാഷണൽ എസ്വൈഎഫ് എന്നിവ ഈ സംഘടനകളിൽ ഉൾപ്പെടുന്നുവെന്നും നിലവിൽ ഈ ഭീകരവാദ ഗ്രൂപ്പുകൾ ഏതെങ്കിലും പ്രത്യേക സംഘടനയുമായി ബന്ധമില്ലാതെ ഖലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെ ചെറിയ സംഘങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

More Stories from this section

family-dental
witywide